തിരുവനന്തപുരം:രണ്ട് പ്രളയങ്ങൾക്ക് ശേഷം ജി.എസ്.ടി വരുമാനത്തിൽ കുറവുണ്ടായെന്ന് ധനമന്ത്രി ഡോ.ടി.എം.തോമസ് ഐസക് നിയമസഭയിൽ പറഞ്ഞു. 2018 ജൂലായിൽ 1443.62 കോടി രൂപ ജി.എസ്.ടി വരുമാനം ലഭിച്ചപ്പോൾ ആഗസ്റ്റിൽ 1227.40 കോടി രൂപ മാത്രമാണ് ലഭിച്ചത്. 2019 ജൂലൈയിൽ 1753.89 കോടി രൂപയും ആഗസ്റ്റിൽ 1637.98 കോടിയുമാണ് ലഭിച്ചത്. നികുതി വരുമാനത്തിലുണ്ടായ നഷ്ടം പരിഹരിക്കാൻ കേസുകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ നടപടി സ്വീകരിച്ചു. റവന്യു റിക്കവറി നടപടികൾ ത്വരിതപ്പെടുത്തുന്നതിനും നടപടി സ്വീകരിച്ചു. നികുതി കുടിശിഖകൾ തീർപ്പാക്കാൻ ആംനസ്റ്റി പദ്ധതി നടപ്പിൽ വരുത്തി. ആംനസ്റ്റി സ്വീകരിച്ചവർക്ക് കുടിശിഖ തവണ അടയ്ക്കാൻ 2020 മാർച്ച് 31 വരെ സാവകാശം നൽകി.
കെ.ടി.ഡിസിയുടെ എല്ലാ റിസോർട്ടുകൾക്കും അനുയോജ്യമായ സ്റ്റാർ പദവി നേടാൻ തീരുമാനിച്ചതായി ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഇതിനായി അടിസ്ഥാനസൗകര്യം വികസിപ്പിക്കാൻ നടപടി സ്വീകരിച്ചുവരുന്നു. നിലവിൽ മാസ്‌കറ്റ് ഹോട്ടലിന് മാത്രമാണ് ഫൈവ് സ്റ്റാർ പദവിയുള്ളതെന്നും വി.എസ്.ശിവകുമാറിനെ മന്ത്രി അറിയിച്ചു.