തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കുള്ള രണ്ട് ഗഡു കുടിശിക ക്ഷാമബത്ത ഉടൻ അനുവദിക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ നില്പുസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവനക്കാരോട് രാഷ്ട്രീയ പകപോക്കൽ നടത്തിയ സർക്കാരാണ് ഇപ്പോഴുള്ളത്. ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. ജീവനക്കാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന് സർക്കാർ കൂച്ചുവിലങ്ങിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുടിശിക ക്ഷാമബത്ത അനുവദിക്കുക, മെഡിക്കൽ റീ ഇമ്പേഴ്സ്‌മെന്റ് നിലനിറുത്തി മെഡിസെപ്പ് നടപ്പാക്കുക, ഇടക്കാലാശ്വാസം ഉടൻ അനുവദിക്കുക, എൻ.പി.എസ് ജീവനക്കാർക്ക് തുല്യനീതി ഉറപ്പാക്കുക. ഭവനവായ്പാ പദ്ധതി പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ, കെ.എസ്. ശബരീനാഥൻ എം.എൽ.എ, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, വർക്കല കഹാർ, എൻ.ജി.ഒ അസോസിയേഷൻ നേതാക്കളായ ചവറ ജയകുമാർ, കെ.എ, മാത്യു, എ.എം. ജാഫർഖാൻ, എ.പി. സുനിൽ, എം.എസ്. ഗണേശൻ, ജോൺ കെ. സ്റ്റീഫൻ തുടങ്ങിയവർ സംസാരിച്ചു.