slab

കാട്ടാക്കട: കാട്ടാക്കടയിലെ ഫു‌ട്പാത്ത് നിർമ്മാണം നാട്ടുകാർക്ക് വിനയായി. തിരക്കുള്ള മാർക്കറ്റ് റോഡിലെ ഓടയുടെ സ്ലാബുകൾ ഇളക്കി മാറ്റിയാണ് നാട്ടുകാരെ പി.ഡബ്ലിയു.ഡി അധികൃതർ പരീക്ഷിക്കുന്നത്. ഫുട്പാത്ത് നിർമ്മിക്കാനായാണ് സ്ലാബുകൾ ഇളക്കി മാറ്റിയതെങ്കിലും നിർമ്മാണം ഇഴഞ്ഞതോടെ നാട്ടുകാർക്കിതൊരു മുട്ടൻ പണിയായി. വഴിനടക്കുന്നവരുടെ കണ്ണൊന്ന് തെറ്റിയാൽ ഓടയ്ക്കുള്ളിൽ പതിക്കുമെന്നതിൽ തീർത്തും സംശയം വേണ്ട. സ്ലാബുകൾ ഇപ്പോൾ മെയിൻ റോഡിൽ ഉപേക്ഷിച്ചിരിക്കുകയാണ്.

മാർക്കറ്റ് റോഡിൽ എപ്പോഴും വലിയ തിരക്കാണ്. തിങ്കൾ വ്യാഴം മാർക്കറ്റ് ദിവസങ്ങളിൽ ഈ റോഡിലൂടെ സഞ്ചരിക്കണമെങ്കിൽ 'ക്ഷ' വരയ്ക്കണം.

മാർക്കറ്റ് റോഡിലൂടെയാണ് നെടുമങ്ങാട്, ആര്യനാട്, കുറ്റിച്ചൽ, കോട്ടൂർ ഭാഗങ്ങളിലേക്ക് യാത്രക്കാർ പോകുന്നത്. റോഡിൽ ഇളക്കി അടുക്കി വച്ചിരിക്കുന്ന സ്ലാബുകൾ തിരികെ ഓടകളിൽ സ്ഥാപിച്ചാൽ റോഡിലെ ഗതാഗതകുരുക്കിന് പരിഹാരമാകും എന്നാണ് യാത്രക്കാർ പറയുന്നത്. റോഡ് പണിയെടുത്ത കരാറുകാരൻ പണി നിറുത്തിയതിനെപ്പറ്റി ചോദിച്ചാൽ പി.ഡബ്ലിയു.ഡി ഉദ്യോഗസ്ഥർക്കും മറുപടിയില്ല.

കാൽനടയാത്രാക്കാരിൽ പലരും സ്ലാബില്ലാത്ത ഓടയിൽ വീണ് പരിക്കേൽക്കുന്നതായും പരാതിയുണ്ട്.കഴിഞ്ഞ ഒരുമാസമായി ഈ പ്രദേശത്ത് നിലവിലെ ഓടയ്ക്ക് മുകളിലൂടെ ഫുട്പാത്ത് നിർമ്മിക്കാനായി പണി തുടങ്ങിയത്. കാട്ടാക്കട തിരുവനന്തപുരം റോഡിലെ പണി കഴിഞ്ഞ ശേഷമാണ് തിരക്കേറിയ മാർക്കറ്റ് റോഡിൽ പണി തുടങ്ങിയത്. നിലവിലത്തെ ഓടകളുടെ ഉയരംകൂട്ടി സ്ലാബ് സ്ഥാപിച്ച് ഫുട്പാത്ത് നിർമ്മിക്കാണ് പി.ഡബ്ലിയു.ഡി പണി തുടങ്ങിയത്.