തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽപ്പാതയ്ക്ക് പണം തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി. 66,000 കോടി രൂപയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്നത്. കാസർകോട് മുതൽ തിരൂർ വരെ ഇത് സമാന്തരമായാണ് പോകുന്നത്. തിരൂർ മുതൽ പാത വഴി മാറുന്നതുകൊണ്ട് പുതിയ കേന്ദ്രങ്ങൾ വികസിച്ചു വരും. പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ സമഗ്രമായ പുനരധിവാസ പദ്ധതികളുണ്ടാകുമെന്നും പ്രതിവാര സംവാദ പരിപാടിയായ 'നാം മുന്നോട്ടി'ൽ മുഖ്യമന്ത്രി പറഞ്ഞു.
നിർദിഷ്ട ശബരിമല വിമാനത്താവളം തീർഥാടകർക്കു മാത്രമല്ല, തിരുവല്ല, ചെങ്ങന്നൂർ മേഖലകളിലുള്ളവർക്കും പ്രയോജനപ്പെടും. ആഭ്യന്തര വിമാനയാത്രികരുടെ എണ്ണം കൂടിവരുന്നതുകൊണ്ട് പുതിയ വിമാനത്താവളം നിലവിലുള്ളവയെ ബാധിക്കില്ല. വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ സർവീസുകൾ നടത്തുന്നതിനെക്കുറിച്ച് വ്യോമയാന മന്ത്രാലയവുമായി നിരന്തരം ചർച്ച നടക്കുന്നുണ്ട്.
താമരശ്ശേരി ചുരം റോഡ് ഇടയ്‌ക്കിടെ തകരുന്നതു കാണമുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ വയനാട്ടിലേക്ക് തുരങ്കപാതയ്‌ക്കു പുറമെ മറ്റൊരു പാതയ്ക്കുള്ള നിർദ്ദേശവും സർക്കാരിനു മുന്നിലുണ്ട്. തീരദേശ, മലയോര ഹൈവേകളുടെ നിർമ്മാണം അടുത്ത വർഷം പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഡിസംബർ മുതൽ മേയ് വരെയുള്ള കാലയളവിൽ പഞ്ചായത്ത് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്തെ മുഴുവൻ പാതകളിലും അറ്റകുറ്റപ്പണി പൂർത്തിയാക്കും. കോവളം- ബേക്കൽ ദേശീയ ജലപാതയിലൂടെ അടുത്ത വർഷം സഞ്ചരിക്കാൻ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.