തിരുവനന്തപുരം: കെ.പി.സി.സി ഭാരവാഹി പട്ടികയുടെ ചിത്രം ഡൽഹിയിൽ തെളിഞ്ഞുവരുമ്പോൾ യുവത്വത്തോട് 'കടക്ക് പുറത്ത് ' എന്നതാണ് സ്ഥിതി. പ്രധാന ഭാരവാഹികളിൽ അറുപതിൽ താഴെ പ്രായമുള്ളവർ വിരലിലെണ്ണാവുന്നവർ മാത്രം. ജനറൽസെക്രട്ടറിമാരുടെ 30 അംഗ പട്ടികയിൽ നാല് പേരുകൾ കൂടി ചേർക്കപ്പെട്ടേക്കും. വൈസ് പ്രസിഡന്റുമാരുടെ എണ്ണം പത്താണ്. ഇത് എട്ടിലൊതുക്കാനുള്ള ശ്രമവുമുണ്ട്.
ജനറൽസെക്രട്ടറിമാരിൽ 33 വയസുള്ള കെ.എസ്.യു മുൻ പ്രസിഡന്റ് വി.എസ്. ജോയിയും 40 വയസുള്ള യൂത്ത് കോൺഗ്രസ് നേതാവ് സി.ആർ. മഹേഷുമാണ് ചെറുപ്പക്കാർ. ഡൽഹിയിൽ നിന്ന് പുതുതായി ചേർക്കാൻ സാദ്ധ്യതയുള്ളത് ജ്യോതികുമാർ ചാമക്കാല, പ്രവീൺകുമാർ, രവികുമാർ, പഴകുളം മധു എന്നിവരാണ്. ഇവരിൽ ജ്യോതികുമാറും പ്രവീൺകുമാറും അമ്പതിൽ താഴെ പ്രായമുള്ളവരാണ്. വർക്കിംഗ് പ്രസിഡന്റുമാരായി വി.ഡി. സതീശനെയും തമ്പാനൂർ രവിയെയുമാണ് ഉൾപ്പെടുത്തുന്നത്. സതീശന് 55ഉം തമ്പാനൂർ രവിക്ക് 70ഉം ആണ് പ്രായം. നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരിൽ കൊടിക്കുന്നിൽ സുരേഷിന് പ്രായം അറുപതിൽ താഴെ.
ലിസ്റ്റിൽ പുതുതായി ഇടം നേടിയവരിലേറെയും പഴയ മുഖങ്ങളാണ്. ജനപ്രതിനിധികളോ മുൻ ജനപ്രതിനിധികളോ നിലവിലെ ഭാരവാഹികളോ ഒക്കെയാണ് മിക്കവരും. പുതുമുഖങ്ങൾ പേരിന് മാത്രം. ജനറൽസെക്രട്ടറി സ്ഥാനത്തേക്ക് സുധീരന്റെ നോമിനികളായി ജോൺസൺ എബ്രഹാമും ടോമി കല്ലാനിയും. പി.സി. ചാക്കോയുടെ നോമിനിയായി ഡി. സുഗതനുണ്ട്. എ ഗ്രൂപ്പിൽ നിന്ന് വി.എ. കരിം, പാലോട് രവി, പ്രതാപവർമ്മ തമ്പാൻ, ഷാനവാസ് ഖാൻ, കെ.സി. അബു, മുഹമ്മദ് കുഞ്ഞി, ഡൊമിനിക് പ്രസന്റേഷൻ, അബ്ദുള്ള മുത്തലിബ്, പി.എ. മാധവൻ, സദാശിവൻ നായർ, റോയ് കെ. പൗലോസ്, കുര്യൻജോയി, എഴുകോൺ നാരായണൻ എന്നിവരും ഐ ഗ്രൂപ്പിൽ നിന്ന് കരകുളം കൃഷ്ണപിള്ള, എൻ. സുബ്രഹ്മണ്യൻ, വി.ജെ. പൗലോസ്, കെ.പി. കുഞ്ഞിക്കണ്ണൻ, കെ. സുരേന്ദ്രൻ, പത്മജ വേണുഗോപാൽ, രമണി പി. നായർ, നീലകണ്ഠൻ, സജീവ് മാറോളി, എ.എ. ഷുക്കൂർ, പി.എം. നിയാസ്, കെ.പി. അനിൽകുമാർ, സി.ആർ. മഹേഷ് എന്നിവരുമുണ്ട്. വൈസ് പ്രസിഡന്റ് : ശൂരനാട് രാജശേഖരൻ, വർക്കല കഹാർ, അടൂർ പ്രകാശ്, വി.എസ്. ശിവകുമാർ, ജോസഫ് വാഴയ്ക്കൻ, കെ.സി. റോസക്കുട്ടി, കെ. ബാബു, കെ.പി. ധനപാലൻ, എ.പി. അനിൽകുമാർ, സി.പി. മുഹമ്മദ്.
യുവാക്കൾക്കും പുതുമുഖങ്ങൾക്കും പ്രാമുഖ്യം നൽകിയുള്ള ഭാരവാഹി പട്ടികയുമായി വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിലേക്ക് നീങ്ങാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമത്തിന് പലവിധ സമവാക്യങ്ങളിൽ തട്ടി വാർദ്ധക്യം ബാധിച്ചെന്ന വിമർശനമാണ് പാർട്ടിയിൽ ഉയരുന്നത്.