തിരുവനന്തപുരം: മേയർ തിരഞ്ഞെടുപ്പിന് സാക്ഷ്യം വഹിക്കാൻ ആദ്യവസാനം ഇടതു നേതാക്കളുടെ നീണ്ട നിരതന്നെ ഇന്നലെ നഗരസഭയിലെത്തിയിരുന്നു. സി.പി.എം ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ, സി.പി.എെ ജില്ല സെക്രട്ടറി ജി.ആർ. അനിൽ, മുൻ മേയർമാരായ കെ. ചന്ദ്രിക, സി. ജയൻബാബു, വി. ശിവൻകുട്ടി, വി.കെ. പ്രശാന്ത് എം.എൽ.എ, കോൺഗ്രസ് (എസ്) നേതാവ് ഉഴമലയ്‌ക്കൽ വേണുഗോപാൽ തുടങ്ങിയവരാണ് എത്തിയത്. മേയറായി തിരഞ്ഞെടുത്ത ശേഷം അംഗങ്ങളുടെയെല്ലാം അഭിവാദ്യം സ്വീകരിച്ച ശേഷം ശ്രീകുമാർ നേരെ നേതാക്കളുടെയടുത്തേക്കാണ് പോയത്. നേതാക്കൾ പൊന്നാടയണിയിച്ച് സ്വീകരിച്ചു. പിന്നീട് മുൻനിരയിലെ ബി.ജെ.പി അംഗങ്ങൾക്കും കോൺഗ്രസ് അംഗങ്ങൾക്കും ഹസ്തദാനം. മറ്റുള്ളവരെ കൈ ഉയർത്തി അഭിവാദ്യം ചെയ്ത ശേഷമാണ് ഡയസിലേക്ക് കയറിയത്.