തിരുവനന്തപുരം: ബാലരാമപുരത്ത് പട്ടാപ്പകൽ തോക്കുചൂണ്ടി വീട്ടമ്മയേയും മകളേയും ഭീഷണിപ്പെടുത്തി മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടാനായില്ല. പ്രതി മൊട്ടമൂട് സ്വദേശിയായ രാജേഷിനായി പൊലീസ് തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് 12നാണ് ബാലരാമപുരം മൊട്ടമൂട് അയണിയറത്തലയ്ക്കൽ അനിൽകുമാറിന്റെ വീട്ടിൽ മോഷ്ടാവ് അതിക്രമിച്ച് കടന്നത്. അനിൽകുമാറിന്റെ ഭാര്യ ജയശ്രീയും മകൾ അനിജയും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ബൈക്ക് മുറ്റത്ത് വയ്ക്കാൻ അനുവദിക്കുമോയെന്ന് ചോദിച്ചെത്തിയ ഇയാൾ തുറന്നുകിടന്ന പിൻവശത്തെ വാതിൽ വഴി അകത്തുകടക്കുകയായിരുന്നു. ഇവരെ തോക്കിൻമുനയിൽ നിറുത്തിയ ശേഷം കഴുത്തിൽകിടന്ന മാലകൾ പിടിച്ചുപറിച്ചു. ഇവർ ബഹളമുണ്ടാക്കിയെങ്കിലും 11 പവന്റെ മാലകളുമായി ഇയാൾ രക്ഷപെട്ടു. പിടിവലിക്കിടെ ഇരുവർക്കും പരുക്കേറ്റു. ഇയാൾ കഴിഞ്ഞ വെള്ളിയാഴ്ചയും ഇവരുടെ വീട്ടിലെത്തിയിരുന്നു. മുൻപ് മൊട്ടമൂട് താമസിച്ചിരുന്ന രാജേഷാണ് താനെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. അന്ന് ഇയാൾക്ക് അകത്തുകയറാൻ കഴിഞ്ഞില്ല. വീട്ടുകാർ നൽകിയ സൂചനകൾ പ്രകാരം പൊലീസ് ശേഖരിച്ച ഫോട്ടോയിൽ നിന്ന് ജയശ്രീ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്ന് നരുവാമൂട് പൊലീസ് പറഞ്ഞു.