തിരുവനന്തപുരം: വെല്ലുവിളികളും പരീക്ഷണങ്ങളും നിറഞ്ഞ രണ്ടു വർഷക്കാലത്തെ സ്തുത്യർഹമായ സേവനത്തിന് ശേഷം കെ.പി. ശങ്കരദാസ് തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ പദവി
ഒഴിയുന്നു. പ്രസിഡന്റ് എ. പത്മകുമാറിനൊപ്പമാണ് ബോർഡംഗമായി സത്യപ്രതിജ്ഞ ചെയ്യത്. രണ്ട് പേരുടെയും കാലാവധി ഇന്ന് പൂർത്തിയാവും. .
ചുരുങ്ങിയ സമയത്തിനുള്ളിൽ സന്നിധാനത്തും പമ്പയിലും നിലയ്ക്കലും തീർത്ഥാടകർക്കായി ക്രിയാത്മകമായ നിരവധി കാര്യങ്ങൾ കൂട്ടായ പ്രവർത്തനത്തിലൂടെ ചെയ്യാൻ കഴിഞ്ഞതിന്റെ സംതൃപ്തിയുമായാണ് ശങ്കരദാസിന്റെ പടിയിറക്കം. ഏറെ പ്രശ്നങ്ങൾ നിറഞ്ഞതായിരുന്നു കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലം. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട കോടതി വിധിയും തുടർന്നുണ്ടായ വിവാദങ്ങളും കടുത്ത പരീക്ഷണമായിരുന്നു. ഒരു വിവാദത്തിലും പെടാതെ പ്രതിസന്ധികളെ നിശ്ചയദാർഢ്യത്തോടെ തരണം ചെയ്തു.. 'സർക്കാരും എന്റെ പാർട്ടിയും ഏല്പിച്ച ചുമതലകൾ തികഞ്ഞ ആത്മാർത്ഥതയോടെ നിറവേറ്റാൻ കഴിഞ്ഞതിലാണ് ഏറെ സന്തോഷം" - ശങ്കരദാസ് പറഞ്ഞു.
സന്നിധാനം നേരിട്ട വലിയ പ്രശ്നം ഭക്ഷണ മാലിന്യമാണ്. പമ്പയിലെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല. ശുചിത്വ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിൽ വിജയം കണ്ടു. അരവണ അടക്കം പ്രസാദം കൂടുതൽ മെച്ചപ്പെട്ട തരത്തിൽ തയ്യാറാക്കുന്നതിന് മൈസൂർ ആസ്ഥാനമായുള്ള സെൻട്രൽ ഫുഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞരെ കൊണ്ടുവന്ന് ജീവനക്കാർക്ക് പരിശീലനം നൽകി. ആധുനിക രീതിയിൽ അരവണ തയ്യാറാക്കാനുള്ള പദ്ധതിക്ക് സ്ഥാപനവുമായി കരാർ ഒപ്പുവച്ചു. സീതത്തോട്ടിൽ നിന്ന് ഭൂഗർഭ പൈപ്പുലൈൻ വഴി പമ്പയിലേക്ക് കുടിവെള്ളം എത്തിക്കാനുള്ള പദ്ധതി തയ്യാറാക്കി. വാട്ടർ അതോറിട്ടി ഇതിന്റെ പ്രവർത്തനങ്ങൾ
തുടങ്ങിക്കഴിഞ്ഞു. ഭക്ഷ്യവസ്തുക്കൾ വരുന്ന പ്ളാസ്റ്റിക് കവറുകളും കുപ്പികളും നിർമ്മാർജ്ജനം ചെയ്യാനും, അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പന്മാർക്ക് വിരിവയ്ക്കാനും ഇനിയും കൂടുതൽ സൗകര്യങ്ങൾ ഉണ്ടാവണമെന്ന് അദ്ദേഹം പറയുന്നു.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ ശങ്കരദാസ് മികച്ച ട്രേഡ് യൂണിയൻ നേതാവ് കൂടിയാണ്. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയായിരിക്കുമ്പോഴാണ് ദേവസ്വം ബോർഡ് അംഗമായി സി.പി.ഐ നിയോഗിച്ചത്. നിർമ്മാണ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, കെ.എസ്.ആർ.ടി.സി ഡയറക്ടർ ബോർഡ് അംഗം, ഇ.എസ്.ഐ ബോർഡ് അംഗം തുടങ്ങിയ നിലകളിലും പ്രവർത്തിച്ചു.