തിരുവനന്തപുരം: ജില്ലയുടെ കായിക കിരീടം ആർക്കും വിട്ടു കൊടുക്കില്ലെന്ന് ഒരിക്കൽകൂടി ഉറപ്പിച്ച് നെയ്യാറ്റിൻകര ഉപജില്ല. 15 സ്വർണവും 14 വെള്ളിയും 13 വെങ്കലവുമടക്കം 16 1പോയിന്റുമായാണ് നെയ്യാറ്റിൻകര ഉപജില്ല തുടർച്ചയായ നാലാം തവണയും വിജയകിരീടം ഉറപ്പിച്ചത്. 6 സ്വർണവും 10 വെള്ളിയും 11 വെങ്കലവുമായി ആകെ 93 പോയിന്റോടെ തിരുവനന്തപുരം നോർത്താണ് തൊട്ട് പിന്നിൽ. എന്നാൽ, എല്ലാ മത്സരങ്ങളും പൂർത്തിയാക്കാൻ സാധിക്കാത്തതിനാൽ ഇന്നായിരിക്കും ഓവറാൾ ചാമ്പ്യന്മാരുടെ ഔദ്യോഗിക പ്രഖ്യാപനം. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ ഹാമർ ത്രോ മത്സരവും ജൂനിയർ ആൺകുട്ടികളുടെ ഡിസ്കസ് ത്രോയുമാണ് സർവകലാശാല സ്റ്റേഡിയത്തിൽ ഇന്ന് നടക്കുക. ഹാമർത്രോ മത്സരത്തിനിടെ പാലായിൽ വിദ്യാർത്ഥി മരണപ്പെട്ടതിനെ തുടർന്ന് ഗ്രൗണ്ടിൽ ഒരു സമയം ഒരു ത്രോ മത്സരം മാത്രമേ നടത്താവൂ എന്ന് സർക്കാർ ഉത്തരവുള്ളതിനാലാണ് മേള മൂന്നാം ദിവസത്തേക്ക് നീട്ടേണ്ടി വന്നത്. മാറ്റിവച്ച മത്സരങ്ങൾ ഇന്ന് രാവിലെ 8ന് ആരംഭിക്കും. തുടർന്നായിരിക്കും ജേതാക്കൾക്കുള്ള പുരസ്‌കാരവിതരണം.
മികച്ച സ്കൂളിനായി ഇഞ്ചോടിഞ്ച് പോരാട്ടം
അഞ്ച് ഇനങ്ങളിലെ മത്സരങ്ങൾ ബാക്കി നിൽക്കെ ഓവറാൾ ചാമ്പ്യൻഷിപ്പ് നെയ്യാറ്റിൻകര ഉറപ്പിച്ചെങ്കിലും മികച്ച സ്കൂളിനുള്ള കിരീടത്തിന് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 4 സ്വർണവും 7 വെള്ളിയും 5 വെങ്കലവുമായി 46 പോയിന്റോടെ നെയ്യാറ്റിൻകര ഉപജില്ലയിലെ എം.വി.എച്ച്.എസ്.എസ് അരുമാനൂരാണ് ഒന്നാം സ്ഥാനത്ത്. 4 സ്വർണവും 4 വെള്ളിയും 7 വെങ്കലവുമായി 39 പോയിന്റോടെ നെയ്യാറ്റിൻകര ഉപജില്ലയിലെ തന്നെ പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളമാണ് തൊട്ട് പിന്നിൽ.