കല്ലമ്പലം: നാവായിക്കുളം ഗവ. എച്ച്.എസ്.എസിലും എൽ.പി.എസിലുമായി വെള്ളിയാഴ്ച ആരംഭിച്ച കിളിമാനൂർ ഉപജില്ല സ്‌കൂൾ കലോത്സവം ആദ്യ ദിവസം മുതൽ മത്സരാർത്ഥികൾക്ക് കല്ലുകടിയായി. മേക്കപ്പിട്ട് മത്സരിക്കാനെത്തുമ്പോഴാണ് മുൻകൂട്ടി നിശ്ചയിച്ചു നൽകിയിരുന്ന വേദികൾ മാറിയത് മത്സരാർത്ഥികൾ അറിയുന്നത്. ഇതു മത്സരാർത്ഥികളെ വട്ടം ചുറ്റിച്ചു. മുൻ വർഷങ്ങളിൽ ആദ്യ ദിവസം രചനാമത്സരങ്ങളാണ് നടത്തിയിരുന്നത്. ഇക്കുറി ചില സ്റ്റേജ് മത്സരങ്ങളും നടന്നു. എന്നാൽ ഇതിന്റെ അറിയിപ്പ് വിദ്യാലയങ്ങളിലെത്തിയത് മത്സരത്തിന്റെ രണ്ടു ദിവസം മുമ്പ് മാത്രമാണ്. രാവിലെ ഒമ്പതിന് തുടങ്ങുമെന്ന് പറഞ്ഞ മത്സരയിനങ്ങൾ മൂന്നു മണിക്കൂറിലേറെ വൈകിയാണ് ആരംഭിച്ചത്. ഇതുചോദ്യം ചെയ്‌തപ്പോൾ വിദ്യാർത്ഥികളോടും രക്ഷിതാക്കളും സംഘാടകർ കയർത്തെന്നും ആരോപണമുണ്ട്. എൽ.പി. വിഭാഗം മലയാളം പദ്യം ചൊല്ലൽ മത്സരത്തിൽ അനിൽ പനച്ചൂരാന്റെ 'അനാഥൻ ' എന്ന കവിത ആലപിച്ചപ്പോൾ ' അശ്ലീല കവിത ചൊല്ലാൻ പാടില്ലെന്ന് ' വിധികർത്താവ് മൈക്കിലൂടെ അനൗൺസ് ചെയ്‌തതും പ്രതിഷേധത്തിനിടയാക്കി. കവിത ആലപിച്ച നാവായിക്കുളം ഗവ. എൽ.പി.എസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി പവിത്ര പ്രോഗ്രാം കമ്മിറ്റിക്ക് പരാതി നൽകിയിട്ടുണ്ട്. ക്ലാസിക് നൃത്തയിനങ്ങൾ ഒരു ദിവസമാക്കിയും നടത്തിപ്പുകാർ കുട്ടികളെയും രക്ഷിതാക്കളെയും വലച്ചു. സ്റ്റേജുകളിൽ മത്സരാർത്ഥികൾക്ക് നൽകുന്ന മുൻഗണനാ നറുക്കെടുപ്പിൽ ആദ്യ നമ്പരുകൾ സംഘാടകർ ഇഷ്ടക്കാർക്ക് നൽകാനായി മാറ്റിവച്ചെന്നും ആരോപണമുണ്ട്. വെള്ളിയാഴ്ച നടന്ന ചില മത്സരങ്ങളുടെ ഫലം ഇതുവരെയായിട്ടും പ്രഖ്യാപിച്ചിട്ടില്ലെന്നും രക്ഷിതാക്കൾ പറയുന്നു. വിധി നിർണയത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന തരത്തിൽ മൂന്നു ജഡ്ജ്മാരും കമ്മിറ്റിക്കാരും പരസ്യമായി ചർച്ച ചെയ്യുന്നത് ചാനൽ ഫോട്ടോഗ്രാഫർമാർ പകർത്താൻ ശ്രമിച്ചപ്പോൾ കമ്മിറ്റിക്കാർ കയർത്തു സംസാരിച്ചതും പ്രതിഷേധത്തിനിടയാക്കി.