tvm-corporation

തിരുവനന്തപുരം : വിദ്യാർത്ഥി രാഷ്ട്രീയത്തിൽ നിന്ന് തുടങ്ങിയ പൊതുപ്രവർത്തനമാണ് കെ. ശ്രീകുമാറിനെ മേയർ പദത്തിലെത്തിച്ചത്. 1959-ൽ പി.എൻ. കൃഷ്ണപിള്ളയുടെയും ചെല്ലമ്മയുടെയും മകനായി ജനനം. പാൽക്കുളങ്ങര എൻ.എസ്.എസ് സ്‌കൂളിൽ പഠനം. സ്‌കൂൾ കാലത്ത് എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനരംഗത്തേക്ക് എത്തി. കെ.എസ്.വൈ.എഫ്, ഡി.വൈ.എഫ്.ഐ ഭാരവാഹി, സി.പി.എം പേട്ട, വഞ്ചിയൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി, കടകംപള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് തുടങ്ങിയ രംഗങ്ങളിൽ പ്രവർത്തിച്ചു. കെ.എസ്.ഇ.ബി ജീവനക്കാരനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. ദീർഘകാലം കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറിയായും പ്രവർത്തിച്ചു. സർവീസിൽ നിന്ന് വിരമിച്ചതിനുശേഷം ആദ്യമായാണ് തിരഞ്ഞെടുപ്പ് രംഗത്ത് മത്സരിക്കുന്നത്. 2015ൽ ചാക്ക വാർഡിൽ നിന്ന് 1200 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു വിജയം. ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി. ഭാര്യ അജിത വീട്ടമ്മയാണ്. മക്കൾ: സ്മൃതി ശ്രീകുമാർ, ഡോ. സമർ ശ്രീകുമാർ, മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകൻ അരുൺ സുരേന്ദ്രനാണ് മരുമകൻ. ചെറുമകൻ ഈതൻ.