തിരുവനന്തപുരം: ട്രാക്കിൽ നേടിയ മെഡലുകൾ സൂക്ഷിക്കാനും സുരക്ഷിതമായി തലചായ്ക്കാനും സ്വന്തമായൊരു വീട് എന്ന പ്രിസ്കിലയുടെ സ്വപ്നത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. ആദ്യ മീ​റ്റുകളിൽ ഒന്നാം സ്ഥാനം നേടണമെന്ന ലക്ഷ്യത്തോടെയാണ് പ്രിസ്കില ഡാനിയേൽ ഓടി തുടങ്ങിയത്. ട്രാക്കിലെ വേഗത്തിനൊപ്പം മെഡലുകൾ വാരിക്കൂട്ടാൻ തുടങ്ങിയതോടെ സ്വന്തം വീടെന്ന സ്വപ്നത്തിന് പിറകെയാണ് ഇന്ന് പ്രിസ്കില ഓടുന്നത്. ജില്ലാ കായിക മേളയുടെ സീനിയർ പെൺകുട്ടികളുടെ വിഭാഗത്തിൽ തന്റെ ഇഷ്ട ഇനമായ 800 മീറ്ററിലെ സ്വർണ തിളക്കത്തോടെയാണ് ഈ മിടുക്കി സംസ്ഥാന ചാമ്പ്യൻഷിപ്പിനായി കണ്ണൂരിലേക്ക് പോകാനൊരുങ്ങുന്നത്. ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ അത്‌ല​റ്റിക് മീ​റ്റിലും താരം സ്വർണം നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ യൂത്ത് നാഷണൽ മീ​റ്റിൽ റെക്കാഡോടെ സ്വർണം നേടിയതടക്കം നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയ താരമാണ് പ്രിസ്‌കില. ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ഡാനിയേലും അമ്മ ഗ്രേസിയും ചേച്ചിയുമടങ്ങുന്ന കുടുംബം പത്തനംതിട്ട കുമ്പനാട് നെല്ലിമലയിലെ വാടകവീട്ടിലാണ് താമസം. തിരുവനന്തപുരം കാട്ടാക്കട പേരോകോണത്ത് സ്വന്തമായി സ്ഥലം ഉണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം സ്വന്തമായൊരു വീടെന്ന സ്വപ്നം ഇതുവരെ പൂർത്തിയായില്ല. ഓരോ മേളകൾ കഴിയുമ്പോഴും തന്റെ വിജയവാർത്തയ്ക്ക് ഒപ്പം വീടില്ലാത്ത കാര്യവും വാർത്തയാകാറുണ്ടെങ്കിലും ഇതുവരെ ഒന്നും നടന്നില്ലെന്ന് പ്രിസ്കില പറയുന്നു. തുണ്ടത്തിൽ എം.വി.എച്ച്.എസിലെ പ്ലസ്ടു വിദ്യാർത്ഥിനിയായ പ്രിസ്കില തിരു. സായിയിലാണ് പരിശീലിക്കുന്നത്.