വെള്ളറട: ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ വട്ടപ്പറമ്പിൽ സ്ഥിതിചെയ്യുന്ന അനധികൃത പന്നിഫാമിലെ മാലിന്യങ്ങൾ കിണർവെള്ളം ഉപയോഗശൂന്യമാക്കിയെന്നും പരിസരം മുഴുവൻ മാലിന്യം കൊണ്ട് നിറയുന്നുവെന്നും നാട്ടുകാർ പരാതിപ്പെട്ടിരുന്നു. തുടർന്ന് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ വീടുകളിലെ കിണറിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലാണെന്നും കണ്ടെത്തി.

ഗ്രാമപഞ്ചായത്ത് അധികൃതർക്ക് റിപ്പോർട്ട് നൽകിയതിന്റെ അടിസ്ഥാനത്തിൽ പന്നി ഫാം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഫാമിനു സമീപം പന്തൽകെട്ടി നാട്ടുകാർ സമരം ചെയ്തുവരുകയായിരുന്നു. തുടർന്ന് ഗ്രാമപഞ്ചായത്ത് അടിയന്തരയോഗം ചേർന്ന് പന്നി ഫാം നടത്തിപ്പുകാരന് ഏഴു ദിവസത്തിനുള്ളിൽ പന്നികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രാമപഞ്ചായത്ത് നോട്ടീസ് നൽകിയിട്ടും മാറ്റാത്തതിനെ തുടർന്ന് ഇന്നലെ ഗ്രാമപഞ്ചായത്ത് നിയമ നടപടികൾ പൂർത്തീകരിച്ച് പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ഫാമിൽ നിന്നും കോട്ടയത്ത് കൂത്താട്ടുകുളത്തുള്ള സർക്കാ‌ർ പന്നി ഫാമിലേക്ക് മാറ്റാൻ തുടങ്ങിയത്. 500 ലേറെ പന്നികളുള്ള ഫാമിൽ നിന്നും പകുതിയിലേറെ മാറ്റി.

രാത്രി 7 മണിയോടുകൂടി പന്നി ഫാം ഉടമ ഹൈക്കോടതിയിൽ നിന്നും നിലവിലെ സ്ഥിതി നിലനിറുത്തണമെന്ന ഓർഡർ വാങ്ങി എത്തി. ഇതിനെ തുടർന്ന് അധികൃതർ നടപടി നിറുത്തിവച്ചു. 17ന് പഞ്ചായത്തധികൃതർ ഹൈക്കോടതിയെ സമീപിക്കും. അതിനുശേഷം അടുത്ത നടപടികൾ തീരുമാനിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.വി. അജയകുമാർ പറഞ്ഞു.