kovalam

കോവളം:വിഴിഞ്ഞം തുറമുഖപദ്ധതിമൂലം തൊഴിൽനഷ്ടപ്പെടുന്ന കട്ടമരം ഉടമകൾക്കുള്ള പുനരധിവാസ പാക്കേജ് നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ വിഴിഞ്ഞം തീരദേശത്ത് നടന്നു.ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിലാണ് ഫിസിക്കൽ വെരിഫിക്കേഷനും ഡോക്കുമെന്റ് വെരിഫിക്കേഷനും നടന്നത്. സ്ഥലപരിശോധനയിലും രേഖാപരിശോധനയിലും കണ്ടെത്തിയ കട്ടമര മത്സ്യത്തൊഴിലാളികൾ പെൻഷണർമാർ എന്നിവർക്കാണ് നഷ്ടപരിഹാരം നൽകുന്നത്.പാക്കേജിന് അപേക്ഷിച്ചവരിൽ 165 പേർക്കാണ് നോട്ടീസ് നൽകിയത്. 141 പേർ രേഖകൾ ഹാജരാക്കിയതായി ഫിഷറീസ് അധികൃതർ പറഞ്ഞു.പ്രാഥമിക അന്വേഷണം മാത്രമാണ് ഇന്ന് നടന്നതെന്നും മറ്റു തുടർ അന്വേഷണങ്ങൾ ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ട് കളക്ടർ ചെയർമാനായുള്ള ലിയാക്ക് കമ്മിറ്റിക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു. സ്ഥിരമായി ജീവനോപാധി നഷ്ടപ്പെടുന്നവർക്ക് വിഴിഞ്ഞം പദ്ധതിക്കായി സംസ്ഥാന ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ള തുകയിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതിന് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിക്ക് അംഗീകാരം നൽകിയിരുന്നു. പുനരധിവാസത്തിന് നൽകുന്ന തുക ബാങ്ക് അക്കൗണ്ട് ട്രാൻസ്ഫർ മുഖേനയോ ക്രോസ് ചെയ്ത ചെക്കായോ നൽകും. ഫിഷറീസ് ഡെപ്യൂട്ടി പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ഡയറക്ടർ ഷീജാമേരി, അസി. ഡയറക്ടർ രാജീവ്, വിസിൽ പ്രതിനിധികളായ ശ്രീകുമാർ, സത്യശീലൻ,ഫിഷറീസ് ഓഫീസർ ലിസി,മത്സ്യഫെഡ് പ്രോജക്ട് ഓഫീസർ സുമി തുടങ്ങി ഫിഷറീസിലെ 34 ഓളം ഉദ്യോഗസ്ഥരും പരിശോധനയിൽ പങ്കെടുത്തു.