ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ളാദേശിനെ നേരിടുന്നു
ലോകകപ്പ് യോഗ്യതാ റൗണ്ട് ഫുട്ബാളിൽ അഫ്ഗാനിസ്ഥാനെ നേരിടുന്നു
ഇൻഡോർ : ഇന്ത്യയും ബംഗ്ളാദേശും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് നാളെ മദ്ധ്യപ്രദേശിലെ ഇൻഡോറിൽ തുടക്കമാവുകയാണ്. മൂന്ന് ട്വന്റി -20 കളുടെ പരമ്പര സ്വന്തമാക്കിയതിന്റെ ആവേശത്തിലാണ് ഇന്ത്യൻ ടീം. ട്വന്റി-20 പരമ്പരയിൽ വിശ്രമിക്കുകയായിരുന്ന വിരാട് കൊഹ്‌ലി നായകനായി തിരികെയെത്തുന്നത് ഇന്ത്യൻ വീര്യം കൂട്ടും.
ഹോം ടെസ്റ്റ് പരമ്പരയും തുടർച്ചയായി വിജയിച്ച റെക്കാഡുമായാണ് വിരാട് കൊഹ്‌ലിയും കൂട്ടരും ബംഗ്ളാദേശിനെ നേരിടാനിറങ്ങുന്നത്.
തൊട്ടുമുമ്പ് നടന്ന പരമ്പരയിൽ ദക്ഷിണാഫ്രിക്കയെ മൂന്ന് ടെസ്റ്റുകളിലും തറപറ്റിച്ച് ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് 200
പോയിന്റ് തികച്ച് ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
ബംഗ്ളാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ ത്രില്ലടിപ്പിക്കുന്നത് രണ്ടാം മത്സരം ഡേ ആൻഡ് നൈറ്റായി പിങ്ക് ബാളിൽ കളിക്കുന്നുവെന്നതാണ്.
ഈ മാസം 22 മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിലാണ് ഇന്ത്യ ആദ്യ ഡേ ആൻഡ് നൈറ്റ് ടെസ്റ്റിനിറങ്ങുന്നത്.
ഈ മത്സരം മുന്നിൽ കണ്ട് ഇന്നലെ മുതൽ ഇൻഡോറിലും ഫ്ളഡ്ലിറ്റിൽ പിങ്ക് ബാളിൽ പരിശീലനം നടത്തുകയാണ് ഇന്ത്യൻ ടീം.
ദുഷാൻബെ : ഫിഫ ഗോൾഡ് കപ്പ് ഏഷ്യൻ മേഖലാ യോഗ്യതാ ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ നാളെ ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടുന്നത് തജികിസ്ഥാനിലെ ദുഷാൻബെയിൽ വച്ചാണ്. യോഗ്യതാ ചാമ്പ്യൻഷിപ്പിലെ ആദ്യ വിജയം തേടിയാണ് ഇന്ത്യ അഫ്ഗാനിസ്ഥാനെതിരെ ഇറങ്ങുന്നത്. ടീം ദുബായ് വഴി തജികിസ്ഥാനിലേക്ക് തിരിച്ചുകഴിഞ്ഞു. ഈ മാസം 19ന് ഒമാനെതിരായ യോഗ്യതാ റൗണ്ട് മത്സരവും കൂടി കഴിഞ്ഞേ മടങ്ങി എത്തുകയുള്ളൂ.
യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ഒമാനോട് 1-2ന് തോറ്റ ഇന്ത്യ തുടർന്ന് സെപ്തംബറിൽ അടുത്ത ലോകകപ്പ് ആതിഥേയരായ ഖത്തറിനെ അവിടെ ചെന്ന് ഗോൾ രഹിത സമനിലയിൽ തളച്ച് വീര്യം കാട്ടിയിരുന്നു.
എന്നാൽ കഴിഞ്ഞ മാസം കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ തങ്ങളേക്കാൾ 100-ലേറെ റാങ്കുകൾക്ക് പിന്നിലുള്ള ബംഗ്ളാദേശുമായി 1-1ന് സമനിലയിൽ പിരിയേണ്ടിവന്നത് ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ച് പരിശീലിപ്പിക്കുന്ന ടീമിന് തിരിച്ചടിയായിട്ടുണ്ട്.
മുന്നേറ്റ നിരയിൽ സുനിൽ ഛെത്രിക്കൊപ്പം പരിചയ സമ്പത്തുള്ള സ്ട്രൈക്കർ ഇല്ലാത്തതും ഫിനിഷിംഗിലെ പിഴവുകളുമാണ് ഇന്ത്യയുടെ ദൗർബല്യം.
സഹൽ അബ്ദുൾ സമദ്, അനസ് എടത്തൊടിക, ആഷിഖ് കരുണിയൻ എന്നിങ്ങനെ മൂന്ന് മലയാളി താരങ്ങൾ ഇന്ത്യൻ ടീമിലുണ്ട്.
ലോകകപ്പ് യോഗ്യതാ മോഹം നിലനിറുത്തണമെങ്കിൽ ഇന്ത്യയ്ക്ക് അഫ്ഗാനെ തോൽപ്പിച്ചേ മതിയാവൂ എന്ന സ്ഥിതിയാണ്.
അഫ്ഗാനൊപ്പം തന്നെ ഇന്ത്യയ്ക്ക് വെല്ലുവിളിയാകാൻ പോകുന്നത് ആദ്യമായി കൃത്രിമ ടർഫിൽ കളിക്കുന്നുവെന്നതും താജികിസ്ഥാനിലെ പൂജ്യം ഡിഗ്രിയിലെത്തുന്ന തണുപ്പുമാണ്.