ആ വൈഡില്ലായിരുന്നെങ്കിൽ ദീപക് ചഹറിന് കാര്യവട്ടത്തും ഹാട്രിക്ക് ലഭിച്ചേനെ
ന്യൂഡൽഹി : ഞായറാഴ്ച ബംഗ്ളാദേശിനെതിരായ ട്വന്റി-20 മത്സരത്തിൽ ഹാട്രിക് നേടി ചരിത്രം കുറിച്ച ഇന്ത്യൻ യുവ പേസർ ദീപക് ചഹർ ഇന്നലെ വിദർഭയ്ക്കെതിരായ സെയ്ദ് മുഷ്താഖ് ട്രോഫി മത്സരത്തിൽ രാജസ്ഥാനു വേണ്ടി ഒരോവറിലെ മൂന്ന് പന്തുകളിൽവിക്കറ്റ് നേടിയെങ്കിലും ഇടയ്ക്ക് ഒരു പന്ത് വൈഡായതിനാൽ ഹാട്രിക്ക് ലഭിക്കാതെ പോയി.
കാര്യവട്ടം സ്പോർട് ഹബിൽ വിദർഭയ്ക്കെതിരെ മൂന്നോവർ ബൗൾ ചെയ്ത ദീപക് 18 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് വീഴ്ത്തിയത്.
മത്സരത്തിന്റെ 13-ാം ഓവറിലെ നാലാമത്തെയും അഞ്ചാമത്തെയും പന്തുകളിൽ ദർശൻ നൽകണ്ടെ, ശ്രീകാന്ത് വാഗ് എന്നിവരെ വീഴ്ത്തിയ ദീപക് അടുത്തപന്ത് വൈഡ് എറിഞ്ഞു. അവസാനപന്തിൽ അക്ഷയ് വാഡ്ഗറെയും പുറത്താക്കി.
ഞായറാഴ്ച 3.2 ഓവർ എറിഞ്ഞ ദീപക് ഏഴ് റൺസ് മാത്രം നൽകിയാണ് ബംഗ്ളാദേശിന്റെ ആറ് വിക്കറ്റ് വീഴ്ത്തി മാൻ ഒഫ് ദ മാച്ചായത്.
ട്വന്റി 20യിൽ ഹാട്രിക് നേടുന്ന ആദ്യ പുരുഷ താരമാണ് ദീപക്. വനിതാ താരം ഏക്താ ബിഷ്ത് 2012ൽ ട്വന്റി-20യിൽ ഹാട്രിക് നേടിയിട്ടുണ്ട്.