തിരുവനന്തപുരം: പത്ത് വർഷത്തിന് ശേഷം ജില്ലാ സ്‌കൂൾ കായിക മേളയിലെ മികച്ച സ്‌പോർട്‌സ് സ്‌കൂൾ കിരീടവുമായി പഴയ പ്രതാപം വീണ്ടെടുത്ത് ജി.വി. രാജ സ്‌പോർട്‌സ് സ്‌കൂൾ. 148 പോയിന്റോടെയാണ് ജി.വി. രാജ കിരീടം ഉറപ്പിച്ചത്. 139 പോയിന്റോടെ സായിയും 87 പോയിന്റോടെ വെള്ളായണി അയ്യങ്കാളി സ്മാരക സ്‌പോർട്‌സ് സ്‌കൂളുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. പഴയ പ്രതാപത്തിലേക്ക് ജി.വി. രാജ തിരിച്ചെത്തുന്നെന്ന സൂചനയുമായാണ് ജില്ലാ കായികമേള അവസാനിക്കുന്നത്. 24 സ്വർണം, 21 വെള്ളി, 13 വെങ്കലം എന്നിങ്ങനെയാണ് ജി.വി. രാജയുടെ മെഡൽ നേട്ടം. 72 കുട്ടികളുമായെത്തിയ ജി.വി. രാജ അത്‌ലറ്റിക്സിലും ത്രോ ഇനങ്ങളിലും മികച്ച പ്രകടനം കാഴ്ച വച്ചു. വിവിധ ഇനങ്ങളിൽ ആകെ 22 പരിശീലകരാണ് ജി.വി. രാജയിലുള്ളത്.