മണിപ്പൂരിനെയും പറപ്പിച്ച് കേരളം
75 റൺസിന് കേരളം മണിപ്പൂരിനെ കീഴടക്കി
കേരളം 149/9
മണിപ്പൂർ 74/7
തിരുവനന്തപുരം : കാര്യവട്ടം സ്പോർട്സ് ഹബ്ബിൽ നടന്ന സെയ്ദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ കേരളത്തിന് രണ്ടാം ജയം. ഇന്നലെ നടന്ന മത്സരത്തിൽ 75 റൺസിന് മണിപ്പൂരിനെയാണ് കേരളം കീഴടക്കിയത്.
കേരള വിജയം ഇങ്ങനെ
ആദ്യം ബാറ്റ് ചെയ്ത കേരളം നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എന്ന സ്കോർ ഉയർത്തി.
സച്ചിൻ ബേബി (48), നായകൻ റോബിൻ ഉത്തപ്പ (29), വിഷ്ണു വിനോദ് (25) എന്നിവരുടെ ബാറ്റിംഗാണ് കേരളത്തെ മാന്യമായ സ്കോറിൽ എത്തിച്ചത്. 35 പന്തുകൾ നേരിട്ട സച്ചിൻ ബേബി അഞ്ച് ഫോറുകളും ഒരു സിക്സും പറത്തിയിരുന്നു.
ബംഗ്ളാദേശിനെതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്നിട്ടും കളിക്കാൻ അവസരം ലഭിക്കാതിരുന്ന സഞ്ജു സാംസൺ ഇന്നലെ കേരളത്തിനായി കളിക്കാനിറങ്ങി. പക്ഷേ, തിളങ്ങാനായില്ല. 14 പന്തുകൾ നേരിട്ട സഞ്ജു 12 റൺസുമായി അജയ് സിംഗിന്റെ പന്തിൽ ക്ളീൻ ബൗൾഡാവുകയായിരുന്നു.
മറുപടിക്കിറങ്ങിയ മണിപ്പൂരിന്റെ നിരയിൽ ഗരിയൻബാം ജോൺസൺ (27) മാത്രമാണ് പിടിച്ചുനിന്നത്. ബേസിൽ തമ്പി (മൂന്നോവറിൽ 9 റൺസ്), ജലജ് സക്സേന (നാലോവറിൽ 9 റൺസ് ഒരു വിക്കറ്റ്), മിഥുൻ സുദേശൻ (നാലോവറിൽ അഞ്ച് റൺസ്, നാല് വിക്കറ്റ്) എന്നിവരുടെ ബൗളിംഗിൽ മണിപ്പൂരിന് അനങ്ങാനാകാത്ത സ്ഥിതിയായിരുന്നു.
മൂന്ന് മത്സരങ്ങളിൽ രണ്ട് വിജയം നേടിയ കേരളം ഇപ്പോൾ ഡി ഗ്രൂപ്പിൽ എട്ട് പോയിന്റുമായി നാലാം സ്ഥാനത്താണ്. 16 പോയിന്റുള്ള വിദർഭയാണ് ഒന്നാമത്. ഉത്തർപ്രദേശ് (8), തമിഴ്‌നാട് (8) എന്നിവരാണ് കേരളത്തിനു മുന്നിൽ.
വ്യാഴാഴ്ച തുമ്പ സെന്റ്സേവ്യേഴ്സ് സ്റ്റേഡിയത്തിൽ വിദർഭയ്ക്കെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം. പിറ്റേന്ന് സ്പോർട്സ് ഹബിൽ രാജസ്ഥാനെ നേരിടും. 17 നാണ് ഉത്തർപ്രദേശിനെതിരായ അവസാന മത്സരം.