rain

കൊച്ചി: നവംബർ അവസാനത്തോടെ അറബിക്കടലിൽ വീണ്ടും ചുഴലിക്കാറ്റിന് സാദ്ധ്യത. പടിഞ്ഞാറൻ ഭാഗത്ത് വീണ്ടും ന്യൂനമർദ്ദം രൂപപ്പെടാൻ സാദ്ധ്യതയുണ്ടെന്നാണ് കൊച്ചി സർവകലാശാലയിലെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതർ വ്യക്തമാക്കുന്നത്. തീരത്തു നിന്ന് ഏറെ അകലെയായി കടന്നു പോവുന്നതിനാൽ സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഇത് സൊമാലിയൻ തീരത്ത് വെല്ലുവിളിയാകും.

അറബിക്കടലിന് പടിഞ്ഞാറേ ഭാഗത്ത് ചൂട് കുറയാത്തത് ന്യൂനമർദ്ദം രൂപപ്പെടാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കടൽവെള്ളത്തിന്റെ താപനില ഉയർന്നതിനാൽ കഴിഞ്ഞ ആഴ്ച മഹ ഉൾപ്പെടെ രണ്ടു ചുഴലിക്കാറ്റാണ് തീരത്ത് വീശിയത്.

ലക്ഷദ്വീപിനടുത്ത് അറബിക്കടലിൽ രൂപപ്പെട്ട് വടക്കുപടിഞ്ഞാറൻ ദിക്കിലേക്ക് നീങ്ങിയ 'മഹ' ചുഴലിക്കാറ്റിനെ തുടർന്നാണ് കഴിഞ്ഞ ആഴ്ച മഴ ശക്തമായത്. ഒരാഴ്ചയിൽ ഇരട്ട ചുഴലിക്കാറ്റാണ് പടിഞ്ഞാറൻ തീരത്ത് രൂപപ്പെട്ടത്. അറബിക്കടലിൽ മദ്ധ്യഭാഗത്ത് താപനില താഴുന്ന സ്ഥിതിയാണ് നിലവിൽ. ക്യാർ ചുഴലിക്കാറ്റിനും മഹ ചുഴലിക്കാറ്റിനും പിന്നാലെ സീസണിലെ ഏഴാമത്തെ ചുഴലിക്കാറ്റാണ് ഇന്ത്യൻ തീരത്തിന് സമീപം രൂപം കൊണ്ട ബുൾബുൾ ചുഴലിക്കാറ്റ്. ആൻഡമാൻ തീരത്തുണ്ടായിരുന്ന ന്യൂനമർദ്ദം പിന്നീട് ചുഴലിക്കാറ്റായി മാറുകയായിരുന്നു. പിന്നീടിത് ഒഡീഷ പശ്ചിമബംഗാൾ തീരത്തേക്കാണ് നീങ്ങിയത്. രണ്ടാഴ്ചയിൽ രൂപപ്പെടുന്ന മൂന്നാമത്തെ ചുഴലിക്കാറ്റാണ് ബുൾബുൾ. കൂടാതെ വൻ നാശം ബംഗാൾ തീരത്ത് വിതച്ചാണ് ബുൾബുൾ ചുഴലിക്കാറ്റ് കടന്നുപോയത്.

അടുത്ത മൂന്നു ദിവസത്തിന് ശേഷം മഴ ശക്തികുറയുമെന്നാണ് കരുതുന്നത്. അറബിക്കടലിന് പടിഞ്ഞാറ് താപനില അപ്രതീക്ഷിതമായി രണ്ടു ഡിഗ്രിയോളം ഉയർന്നതാണ് ചുഴലിക്കാറ്റിന് കാരണമായത്. ജനുവരിയിൽ 'പബുക് ' ഏപ്രിലിൽ 'ഫാനി' (ബംഗാൾ ഉൾക്കടൽ ), ജൂണിൽ 'വായു ' സെപ്തംബറിൽ 'ഹിക്ക ' ഒക്ടോബറിൽ 'ക്യാർ ', മഹ (നാലും അറബിക്കടലിൽ ) എന്നിവയാണ് ഇതിനുമുമ്പ് രൂപംകൊണ്ട ചുഴലിക്കാറ്റുകൾ.