boat

കൊച്ചി: ആഴക്കടലിൽ മത്സ്യബന്ധനത്തിനിടെ വലയിൽ കുടുങ്ങിയ ഹെലികോപ്ടറിന്റെ ഭാഗം ഇന്ന് തീരസംരക്ഷണ സേനയും നാവികസേനയും സംയുക്തമായി പരിശോധിക്കും. ഞായാറാഴ്ച രാത്രി മുനമ്പത്ത് നിന്ന് പോയ സീ ലൈൻ എന്ന ബോട്ടിന്റെ വലയിലാണ് ചേറ്റുവക്ക് പടിഞ്ഞാറ് ഭാഗത്ത് വച്ച് ഹെലികോപ്ടറിന്റെ അവശിഷ്ടം കുടുങ്ങിയത്. തുടർന്ന് മത്സ്യബന്ധന ബോട്ടിലെ സ്രാങ്ക് സെബിനും മറ്റ് തൊഴിലാളികളും ചേർന്ന് വല ഉൾപ്പടെ വലിച്ച് മുനമ്പം മിനി ഫിഷിംഗ് ഹാർബറിന് സമീപം എത്തിക്കുകയായിരുന്നു. ബോട്ടുടമ സുഭാഷ് അറിയിച്ചതനുസരിച്ച് മുനമ്പം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടർന്ന് വിവരം തീരസംരക്ഷണ സേനയെയും നാവിക സേനയെയും അറിയിച്ചു. പഴയ രീതിയിലുള്ള ഹെലികോപ്ടറിന്റെ എൻജിൻ ആണെന്നാണ് പ്രാഥമിക നിഗമനം. ഇതിന് വർഷങ്ങളുടെ പഴക്കം ഉണ്ടെന്നാണ് കരുതപ്പെടുന്നത്.