ഞെട്ടലിൽ യശോധരന്റെ കയ്യിൽ നിന്ന് മദ്യഗ്ളാസ് വിറപൂണ്ടു താഴെ വീണു ചിതറി.
നാവനക്കുവാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു കിടാക്കന്മാർ.
തുരങ്കത്തിന്റെ വാതിൽക്കൽ, മെഴുകുതിരിയുടെ വെളിച്ചത്തിൽ അവർ കുറെ കറുത്ത രൂപങ്ങളെ കണ്ടു...
കയ്യിൽ കമ്പിപ്പാര പോലെയുള്ള ആയുധങ്ങൾ...
ശിരസ്സിൽ കിരീടം പോലെ തുണിചുറ്റിയിരിക്കുന്നു...
അവരുടെ വെളുത്ത പല്ലുകളും കണ്ണുകളും മാത്രമേ കാണുമായിരുന്നുള്ളൂ...
''ആ...രാ?"
ചോദിക്കാൻ നാവനക്കി നോക്കി ശ്രീനിവാസ കിടാവ്. പക്ഷേ ശബ്ദം പുറത്തുവന്നില്ല.
പൊടുന്നനെ ഗുഹയിലെ പാറകളിൽ നിന്ന് തീപ്പൊരികൾ ചിതറി. കമ്പികൾ കൊണ്ട് അവയിൽ ശക്തമായി ഇടിക്കുന്നതിന്റെ ശബ്ദം ഭീകരമായി നിലവറയിൽ മുഴങ്ങി.
അടുത്ത നിമിഷം ഒരു കൂറ്റൻ പാറ ഇളകി ഗുഹയിലേക്കു വീണു. അതോടെ ഗുഹയുടെ ഭൂരിഭാഗവും മൂടപ്പെട്ടു.
കറുത്ത രൂപങ്ങൾ അതിന് അപ്പുറമായിരുന്നു.
''ഈശ്വരാ... നമ്മളിനി എങ്ങനെ പുറത്തിറങ്ങും?"
വല്ലവിധേനയും യശോധരൻ നിലവിളിച്ചു.
''നമ്മള് മൂന്നുപേരും തള്ളിയാലൊന്നും ആ പാറ മാറുമെന്ന് തോന്നുന്നില്ല."
തങ്ങൾ ബന്ധിതരായെന്ന് ആ സെക്കന്റിൽ കിടാക്കന്മാർ തിരിച്ചറിഞ്ഞു.
വീണ്ടും വീണ്ടും പാറകൾ വീഴുന്ന ശബ്ദം.
''ഒന്നല്ല... ഒരുപാട് കല്ലുകൾ അവന്മാർ ഇളക്കിയിട്ടു."
ശേഖരകിടാവിന്റെ ശബ്ദം വിറച്ചു.
ധൈര്യം സംഭരിച്ച് ശ്രീനിവാസ കിടാവ് ഹെഡ്ലൈറ്റ് എടുത്ത് തലയിൽ വച്ചുകൊണ്ട് സ്വിച്ചിട്ടു.
കടുത്ത വെളിച്ചം തുരങ്കത്തിന്റെ വാതിൽക്കലേക്കു നീണ്ടു.
അയാൾ അവിടേക്കു ചെന്നു.
തുരങ്കത്തിലേക്കു വെളിച്ചം പായിച്ചു. വീണുകിടക്കുന്ന പാറകൾക്കിടയിലൂടെ വെളിച്ചം നീണ്ടുപോയി.
പത്തിരുപതിലധികം പാറകൾ അവർ ഇളക്കിയിട്ടുണ്ടെന്നു തോന്നി.
അകലെയെവിടെയോ, വ്യക്തമാകാത്ത ശബ്ദത്തിന്റെ അലകൾ...
കിടാവ് തീർത്തും തളർന്നു.
അയാൾ തിരിച്ചുവന്ന് കല്ലറയ്ക്കു മുകളിലിരുന്നു.
''നമ്മളിനി എന്തുചെയ്യും. ശേഖരാ? നമ്മൾ ഇങ്ങോട്ടു പോന്നത് ആരോ വാച്ചുചെയ്തിട്ടുണ്ട്."
ശേഖരകിടാവിന് ഉത്തരമില്ല. എലിപ്പത്തായത്തിൽ കുരുങ്ങിപ്പോയ എലികളെക്കാൾ കഷ്ടത്തിലാണു തങ്ങൾ....
അവസാന പ്രതീക്ഷ എന്നവണ്ണം ശ്രീനിവാസകിടാവ് നിലവറയിൽ നിന്നു മുകളിലേക്കുള്ള പടികൾ കയറിപ്പോയി.
കോവിലകത്തിനുള്ളിലേക്കു തുറക്കാൻ കഴിയുന്ന നിലവറ വാതിൽ പരിശോധിച്ചു.
നല്ല കനത്ത വാതിലാണ്. അത് അപ്പുറത്തുനിന്നു പൂട്ടിയിരിക്കുന്നു!
നിരാശയോടെ കിടാവ് മടങ്ങിയെത്തി.
''നടക്കത്തില്ല. നമ്മുടെ അന്ത്യം ഒരുപക്ഷേ ഇവിടെത്തന്നെയാ..."
അയാൾ മദ്യക്കുപ്പി ഉയർത്തി നേരെ വായിലേക്കു കമിഴ്‌ത്തി.
അന്നനാളവും ആമാശയവും എരിഞ്ഞു കത്തുന്നതുപോലും കിടാവ് അറിഞ്ഞില്ല.
വീണ്ടും വീണ്ടും മദ്യപിച്ചിട്ട് കിടാക്കന്മാരും പണിക്കാരൻ യശോധരനും ഓരോ കല്ലറകൾക്കു മീതെ കിടന്നു.
******
ആഢ്യൻപാറ.
സി.ഐ അലിയാരും എസ്.ഐ സുകേശും നാലു കോൺസ്റ്റബിൾസും അടങ്ങുന്ന സംഘം അവിടെയെത്തി.
താഴേക്കുള്ള പടികൾ ഇറങ്ങി ജലപാതത്തിന് അടുത്തെത്തി.
നല്ല ഒഴുക്കുണ്ടായിരുന്നു.
ധാരാളം ടൂറിസ്റ്റുകൾ അവിടെ ജലക്രീഡ നടത്തുന്നു.
പോലീസ് സംഘം ആരെയും ശ്രദ്ധിച്ചില്ല. പാറകൾക്ക് ഇടയിലൂടെ കുത്തിയൊഴുകുന്ന വെള്ളത്തിൽ ചവിട്ടാതെ അവർ ചാടിച്ചാടി അപ്പുറം കടന്നു. അവിടം മുതലങ്ങോട്ട് നിബിഢ വനമാണ്.
കാടുകൾ വകഞ്ഞുമാറ്റി അവർ വനത്തിലേക്കു കയറി. തെല്ലകലെ ജനസഞ്ചാരം തോന്നിപ്പിക്കുന്ന അധികം തെളിച്ചമില്ലാത്ത ഒറ്റയടിപ്പാത പോലെ തോന്നി.
അവർ അവിടെയെത്തി. ഇടയ്ക്കിടെ ആളുകൾ ആ വഴി പോകുന്നുണ്ടെന്നു വ്യക്തം.
ചില കാട്ടുകമ്പുകൾ ഒടിച്ച് വഴിയുണ്ടാക്കിയിരുന്നു.
''നാലഞ്ചു കിലോമീറ്ററുകൾ നടക്കേണ്ടിവരും."
പിന്നോട്ടു തിരിഞ്ഞുനോക്കി അലിയാർ ഓർമ്മപ്പെടുത്തി.
എല്ലാ തയ്യാറെടുപ്പുകളോടും കൂടിയാണ് അവർ വന്നിരിക്കുന്നത്.
രാത്രിയിൽ മടങ്ങിയെത്തും വരെ കുടിക്കാനുള്ള വെള്ളവും ലഘുഭക്ഷണവുമെല്ലാം ഓരോരുത്തരുടെയും പുറത്തുള്ള ബാഗിൽ ഉണ്ടായിരുന്നു.
അട്ടകൾ ധാരാളമുള്ളതിനാൽ അവർ ഗംബൂട്സുകളായിരുന്നു ധരിച്ചത്. എന്നിട്ടും അതിനു മുകളിലൂടെ അകത്തേക്കു തുളഞ്ഞിറങ്ങാൻ അവറ്റകൾ ശ്രമിച്ചു.
ഇപ്പോൾ ഒരിഞ്ചുനീളവും ടൊയിൻ വലിപ്പത്തിൽ വണ്ണമേ ഉള്ളൂവെങ്കിലും രക്തം കുടിച്ചു കഴിഞ്ഞാൽ അവ വല്ലാതെ വീർക്കുമെന്ന് അവർക്കറിയാം.
പിന്നെ കടിവിട്ടു താഴെ വീഴണമെങ്കിൽ ചുണ്ണാമ്പോ പുകയില വെള്ളമോ സോപ്പോ ആണ് സാധാരണ ഉപയോഗിക്കാറ്. എന്നാൽ അലിയാരും സംഘവും കരുതിയിരുന്നത് ചുവന്ന 'ഹിറ്റ്" ആയിരുന്നു.
അരമണിക്കൂറോളം നടന്ന് അവർ ആദ്യ കുന്നിൻ മുകളിലെത്തി. അകലെ പവ്വർ ഹൗസിലെ ജനറേറ്ററിന്റെ ശബ്ദം കേട്ടു.
പെട്ടെന്ന്....
അൻപതു മീറ്റർ അകലത്തിൽ കാട്ടുപുല്ലുകൾ ഒന്നിളകി. ഒപ്പം ഒരു പ്രത്യേകതരം പക്ഷി ചിലയ്ക്കുന്നതു പോലെയുള്ള ശബ്ദവും...
(തുടരും)