കല്ലമ്പലം: കെ.എസ്.ആർ.ടി.സി സർവീസുകൾ വെട്ടിക്കുറച്ചതു മൂലം കല്ലമ്പലത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക്‌ പോകുന്ന യാത്രക്കാർ ദുരിതത്തിൽ. പള്ളിക്കൽ, കടമ്പാട്ടുക്കോണം, ഇരുപത്തെട്ടാം മൈൽ, നാവായിക്കുളം, തുടങ്ങിയ മേഖലയിലുള്ളവരാണ് കൂടുതലും കല്ലമ്പലത്ത് നിന്ന് യാത്ര ചെയ്യുന്നത്. ഇവർ യാത്രാക്ലേശം മൂലം വലഞ്ഞിട്ടും നടപടിയില്ലാത്തതിൽ പ്രതിഷേധിച്ചു. രാവിലെ കല്ലമ്പലം ജംഗ്ഷനിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന യാത്രക്കാരാണ് പ്രതിഷേധിച്ചത്. രാവിലെ എട്ടിനും പത്തിനും ഇടയ്ക്കുള്ള സമയത്ത് ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കം ആയിരകണക്കിന് ജനങ്ങളാണ് ബസ് കാത്തുനിൽക്കുന്നത്. കൊല്ലം ഭാഗത്ത്‌ നിന്ന് വരുന്ന ബസുകളിലോന്നിലും സൂചി കടത്താൻ പോലും ഇടം കാണില്ല. വയോധികർ പലപ്പോഴും യാത്ര വേണ്ടെന്നു വച്ച് തിരികെ മടങ്ങേണ്ട അവസ്ഥയാണ്. തിരക്കേറിയ ഇതേ ബസുകൾ ആറ്റിങ്ങലെത്തുമ്പോൾ അവിടെയും വലിയ ആൾകൂട്ടമാണ്. ശബരിമല സീസൺ ആയതോടെ പകുതിയിലധികം ബസുകളും അങ്ങോട്ടേക്ക് സർവീസ് ആരംഭിച്ചു. അതോടെ യാത്രാ ക്ലേശം കൂടുതൽ രൂക്ഷമായി. സർവീസുകൾ കുറയ്ക്കുന്നതിനു മുൻപുപോലും രാവിലെ തിരുവനന്തപുരത്തേക്ക് ദുരിത യാത്രയായിരുന്നു. മുൻപ് അരമണിക്കൂറിനുള്ളിൽ അഞ്ച് ബസുവരെ വന്നിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ബസാണുള്ളത്. തിരുവനന്തപുരത്ത് രാവിലെ ജോലിക്കെത്തേണ്ട പലരും ഓഫീസിൽ എത്തുന്നത് നട്ടുച്ചയ്ക്കാണ്. നാവായിക്കുളം സ്വദേശികളായ വിക്രമൻ നായർ, സുജിത്ത്, രാഹുൽ, കല്ലമ്പലം സ്വദേശികളായ വിഷ്ണു, സജീവ്‌, രാധിക, വിമൽകുമാർ, ഗോപകുമാർ തുടങ്ങിയവർ കഴിഞ്ഞ പത്തുവർഷമായി തിരുവനന്തപുരത്തെ വിവിധ സ്ഥാപനങ്ങളിൽ ജോലി നോക്കുന്നവരാണ്. കൃത്യം പത്തുമണിക്കെത്തേണ്ട ഓഫീസിൽ ഇപ്പോൾ ഇവർ നിത്യവും ഹാജരാകുന്നത് 11.30 നും 12 നുമാണെന്ന് പറയുന്നു. ഇതുമൂലം മേലുദ്യോഗസ്ഥൻ താക്കീത് നൽകിയിട്ടും സമയക്രമം പാലിക്കാൻ കഴിയുന്നില്ല.

സമാന്തര സർവീസുകൾ അനുവദിച്ച്‌ യാത്രാ ക്ലേശം പരിഹരിക്കണമെന്നും, കൂടുതൽ ബസ് അനുവദിച്ച് യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നും പാസഞ്ചേഴ്സ് അസോസിയേഷൻ താലൂക്ക് കമ്മിറ്റിയും മുതിർന്ന പൗരൻമാരും ആവശ്യപ്പെട്ടു.