തിരുവനന്തപുരം:സർക്കാർ ഒാഫീസുകളിലെത്തുന്ന സാധാരണക്കാരെ അവഗണിക്കുന്ന സമീപനം ഉദ്യോഗസ്ഥർ ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
പൊതുജനസേവനരംഗത്തെ നൂതന ആശയാവിഷ്‌കാരത്തിനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ദർബാർ ഹാളിൽ വിതരണം ചെയ്യുകയായിരുന്നു അദ്ദേഹം.
സാധാരണക്കാരൻ ഓഫീസിലെത്തുമ്പോൾ ബന്ധപ്പെട്ട കസേരയിൽ ആളില്ലെങ്കിൽ മറ്റൊരു ഉദ്യോഗസ്ഥൻ കാര്യം നിർവഹിച്ചു കൊടുക്കുന്നത് കൂട്ടുത്തരവാദിത്തത്തിന്റെ ഭാഗമാണ്.സിവിൽ സർവീസിനെ ജനോപകാരപ്രദമാക്കുന്നതിനെ എതിർക്കുന്ന ഒരുവിഭാഗം ഇങ്ങനെയൊന്നും ചെയ്യില്ല. ഒരു ഫോൺ വിളിയിൽ തീർക്കാവുന്ന കാര്യങ്ങൾ നോട്ട് ഫയലും, കറണ്ട് ഫയലും എഴുതി, ക്വറിയിട്ട് വൈകിപ്പിച്ച് പ്രത്യേക മാനസികോല്ലാസം അനുഭവിക്കുന്ന സാഡിസ്റ്റ് മനോഭാവമുള്ള അപൂർവം പേരുണ്ട്.
ഇതൊന്നും ആധുനിക സമൂഹത്തിന് ചേർന്നതല്ല. ജനാധിപത്യ സംവിധാനത്തിൽ ഇത് നടക്കില്ല. ജനങ്ങളുണ്ടെങ്കിലേ ഈ സംവിധാനം നിലനിൽക്കൂ എന്ന തിരിച്ചറിവുണ്ടാവണം. തങ്ങളിരിക്കുന്ന കസേര തെറ്റായ രീതിയിൽ വരുമാനം ഉണ്ടാക്കാനുള്ളതാണെന്ന് ആരും കരുതരുത്. ഇത് കുറ്റകരമാണെന്നും സ്വസ്ഥ ജീവിതത്തിന് വിഘാതമുണ്ടാക്കുമെന്നും മനസിലാക്കണം - മുഖ്യമന്ത്രി പറഞ്ഞു.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ എ. സി. മൊയ്തീൻ, കെ. കെ. ശൈലജ, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവർ സംസാരിച്ചു.