hh

നെയ്യാറ്റിൻകര: കോട്ടൂരിൽ നഗരസഭാ ഭൂമിയിൽ പൊതുശ്മശാനം നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭം തുടങ്ങി. ഇതോടെ കഴിഞ്ഞ ദിവസം നടത്താനിരുന്ന ശ്മശാനത്തിന്റ തറക്കല്ലിടൽ ചടങ്ങ് നഗരസഭ താത്കാലികമായി ഉപേക്ഷിച്ചു.

അതേ സമയം പെരുമ്പഴുതൂരിന് സമീപം കോട്ടൂരിൽ ഇലക്ട്രിക് ക്രിമിറ്റേറിയം സ്ഥാപിക്കാൻ ടെൻഡർ ക്ഷണിച്ച് 50 ലക്ഷം രൂപക്ക് കരാറും നൽകിയിരുന്നു. ഇതിലേക്കായി നഗരസഭ തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന തറക്കല്ലിടൽ ചടങ്ങാണ് മാറ്റി വച്ചത്. ശ്മശാനം നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ അടുത്തിടെ മുനിസിപ്പൽ ഓഫീസ് ഉപരോധിക്കുകയും ശവപ്പെട്ടി ഓഫീസിന് മുന്നിൽ കത്തിച്ച് പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ റസിഡ‌ന്റ്സ് അസോസിയേഷനുകളുടെ കേന്ദ്രസംഘനടനായ ഫ്രാൻ നേതാക്കളും നഗരസഭാ സെക്രട്ടറിയെ ഇതേ കാരണത്താൽ തടഞ്ഞു വച്ചിരുന്നു. ഉടൻ തന്നെ നഗരസഭ ധൃതിപിടിച്ച് നിർമ്മാണത്തിന് ടെൻഡ‌ർ ക്ഷണിക്കുകയും തറക്കല്ലിടൽ ചടങ്ങ് നടത്താനും നിശ്ചയിച്ചതാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും ഒത്താശയോടെ തടഞ്ഞത്. അതേ സമയം എന്തു വിലകൊടുത്തും നിർദ്ദിഷ്ട സ്ഥലത്ത് ശ്മശാനം സ്ഥാപിക്കുമെന്ന് നഗരസഭാ അധികൃതരും പറയുന്നു.

നഗരസഭാ പ്രദേശത്ത് മരണമുണ്ടായാൽ മരിച്ച വീട്ടിൽ പോയി മൃതദേഹം സംസ്കരിക്കുന്ന സഞ്ചരിക്കുന്ന ക്രിമിറ്റേറിയം സ്ഥാപിക്കാൻ കഴിഞ്ഞ നഗരസഭാ ഭരണ സമിതി ശ്രമിച്ചിരുന്നു. താരതമ്യേന ചെലവ് കുറഞ്ഞ പദ്ധതിയാണെങ്കിലും ആവശ്യത്തിന് ഫണ്ടില്ല എന്ന പേരിൽ ഭരണ സമിതി ആ ശ്രമം ഉപേക്ഷിച്ചു. അതിന് ബദലായി സ്ഥിര ശ്മശാനം നിർമ്മിക്കാനുള്ള ഭരണ സമിതിയുടെ തീരുമാനമാണ് പെരുമ്പഴുതൂർ പ്രദേശത്ത് പരക്കെ എതിർപ്പിന് ഇടയാക്കിയത്.

ഏതാണ്ട് ഇരുപത് വർഷം മുൻപ് ബ്രാഹ്മണ തെരുവായ കൃഷ്ണപുരം ഗ്രാമത്തിന് സമീപം ഒഴിഞ്ഞു കിടക്കുന്ന നഗരസഭാ വക ഭൂമിയിൽ പൊതുശ്മശാനം നിർമ്മിക്കാൻ ശ്രമം നടത്തിയെങ്കിലും സ്ഥലവാസികളുടെ എതിർപ്പിനെത്തുടർന്ന് അന്ന് പദ്ധതി ഉപേക്ഷിച്ചു.

പിന്നീട് പനങ്ങാട്ടുകരിയിൽ ശ്മശാനം നിർമിക്കാൻ പദ്ധതിയിട്ടു. സേവാസാധന എന്ന സംഘടന 30 സെന്റ് സ്ഥലവും നൽകി. പദ്ധതിക്ക് ക്വട്ടേഷൻ ക്ഷണിച്ചു. എന്നാൽ ആരുമറിയാതെ ആ പദ്ധതിയും ഉപേക്ഷിച്ചു. സ്ഥലം നഗരസഭയുടെ കൈവശവുമായി.

അവസാനശ്രമമെന്ന നിലയിലാണ് കഴിഞ്ഞ ബഡ്ജറ്റിൽ ഒരു കോടി രൂപ നീക്കി വച്ച് പെരുമ്പഴുതൂർ കോട്ടൂർ കോളനിക്കുസമീപം ക്രിമിറ്റേറിയം സ്ഥാപിക്കാനായി ശ്രമം തുടങ്ങിയിരിക്കുന്നത്.