വർക്കല: ജനത്തിരക്കും വാഹനപ്പെരുപ്പവും വർക്കലയുടെ ഉപ ടൗണായ പുത്തൻചന്തയെ ശ്വാസം മുട്ടിക്കുന്നു. താലൂക്കിലെ പ്രധാന സ്വകാര്യ ആശുപത്രിയായ ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ആശുപത്രി, പുത്തൻചന്ത പബ്ലിക് മാർക്കറ്റ്, നിരവധി വ്യാപാര സ്ഥാപനങ്ങൾ, ബാങ്കിംഗ് സ്ഥാപനങ്ങൾ, ഓഡിറ്റോറിയം, കോൺഫറൻസ് ഹാൾ, സ്കൂൾ തുടങ്ങിയവ ടൗണിന് ചുറ്റുമായി പ്രവർത്തിക്കുന്നുണ്ട്. അവിശ്വസനീയമായ നിലയിലാണ് കഴിഞ്ഞ പത്ത് വർഷത്തിനിടെ ടൗൺ വളർന്നത്. എന്നാൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചില്ല.
ത്രികോണാകൃതിയിലുളള പബ്ലിക് മാർക്കറ്റിന്റെ ഇരുവശങ്ങളിലായി ചന്ത സമയങ്ങളിൽ വഴിവാണിഭവും പൊടിപൊടിക്കുന്നു. മാർക്കറ്റിലേക്ക് ചരക്കുമായി വരുന്ന വാഹനങ്ങൾ സൃഷ്ടിക്കുന്ന ഗതാഗതക്കുരുക്ക് പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്.
ആശുപത്രിയിലും മാർക്കറ്റിലും ബാങ്കിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും വന്നുപോകുന്ന യാത്രക്കാർക്ക് മൂത്രശങ്ക തീർക്കാൻപോലും ഇവിടെ ഒരു ടൊയ്ലെറ്റില്ല. പുത്തൻചന്ത ടൗൺ നേരിടുന്ന പ്രശ്നങ്ങൾക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തി പരിഹാരം കാണണമെന്നാണ് പൊതു അഭിപ്രായം.