തിരുവനന്തപുരം: വാമനപുരം ഇറിഗേഷൻ പ്രോജക്ടിന്റെ കൈവശമുള്ള ഉപയോഗിക്കാതെ കിടക്കുന്ന ഭൂമിയിൽ ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി നിയമസഭയിൽ പറഞ്ഞു. ടൂറിസം മോട്ടൽ സ്ഥാപിക്കാനാണ് പദ്ധതി. 1.53 ഏക്കർ സ്ഥലത്തിന്റെ ഉടമസ്ഥാവകാശം ജലവിഭവ വകുപ്പിൽ തന്നെ നിലനിറുത്തി പദ്ധതിയുടെ ലാഭവിഹിതം ഇറിഗേഷൻ വകുപ്പിനും കൂടി ലഭ്യമാക്കണമെന്ന വ്യവസ്ഥയിലാണ് ഭൂമി നൽകുന്നത്. ലാഭം എങ്ങനെ വീതിക്കണമെന്നത് സംബന്ധിച്ച് പദ്ധതി വിഭാഗം ചീഫ് എൻജിനിയർ സമർപ്പിച്ച പദ്ധതിയിലെ വ്യവസ്ഥകളിൽ വ്യക്തത വരുത്താൻ നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ലഭിച്ചാലുടൻ അടിയന്തരനടപടി സ്വീകരിക്കുമെന്ന് സി. ദിവാകരന്റെ സബ്മിഷന് മന്ത്രി മറുപടി നൽകി.