ചിറയിൻകീഴ്: ചിറയിൻകീഴ് - കഴക്കൂട്ടം റൂട്ടിൽ സർവീസുകൾ പതിവായി മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. മാസങ്ങൾക്ക് മുൻപ് കണിയാപുരം ഡിപ്പോയിൽ നിന്ന് ആരംഭിച്ച രണ്ട് ചെയിൻ സർവീസുകൾ ഇപ്പോൾ നിലച്ചിരിക്കുകയാണ്. അതുപോലെ കണിയാപുരത്ത് നിന്ന് വെളുപ്പിന് 5ന് ആരംഭിക്കുന്ന കണിയാപുരം - ചിറയിൻകീഴ് - തിരുവനന്തപുരം ഷെഡ്യൂളിന്റെ നൂൺ റ്റു നൂൺ സർവീസ് പലപ്പോഴും ഡ്രൈവറിന്റെ അഭാവം പറഞ്ഞ് ഒഴിവാക്കുന്നതും പതിവാണ്. കണിയാപുരത്ത് നിന്ന് രാവിലെ 5.45ന് ആരംഭിച്ച് നെടുമങ്ങാട് പോയിട്ട് തിരിച്ച് ചിറയിൻകീഴിൽ എത്തുന്ന സർവീസും റെഗുലറല്ല. പോത്തൻകോട് ചന്തയിൽ നിന്നും മലക്കറികൾ വാങ്ങി പെരുങ്ങുഴിയിലും ചിറയിൻകീഴിലും വില്പന നടത്തുന്ന കച്ചവടക്കാർക്ക് ഏറെ പ്രയോജനകരമാണ് ഈ സർവീസ്. ഷെഡ്യൂൾ സമയം പരിഷ്കരിക്കാത്തതിനാൽ ഈ റൂട്ടിൽ ചിലപ്പോൾ ഒന്നിന് പുറകേ ഒന്നായി കെ.എസ്.ആർ.ടി.സി സർവീസ് നടത്തുന്നതും സ്ഥിരം സംഭവമാണ്. ഇവിടെ സമയക്രമം പുനഃപരിശോധിക്കണമെന്ന ആവശ്യം ശക്തമാണ്. മുൻപ് ഉണ്ടായിരുന്ന രണ്ട് ഫാസ്റ്റ് സർവീസുകളും വിവിധ ന്യായങ്ങൾ നിരത്തി മതിയാക്കിയിട്ട് വർഷങ്ങൾ പിന്നിടുന്നു.
രാത്രി 8ന് ശേഷം ചിറയിൻകീഴിൽ നിന്ന് - കഴക്കൂട്ടം ഭാഗത്തേക്ക് സർവീസുകൾ ഇല്ലാത്തതും ഇവിടുത്തെ യാത്രക്കാർക്ക് തീരാതലവേദനയാണ്. രാത്രി 8ന് ശേഷം ചിറയിൻകീഴിൽ നിന്ന് കഴക്കൂട്ടം ഭാഗത്തേക്ക് സർവീസ് നടത്തണമെന്ന ആവശ്യവും ശക്തമാണ്. ശബരിമല സീസൺ തുടങ്ങുന്നതോടെ ഈ റൂട്ടിലെ യാത്രാ ക്ലേശം ഇനിയും വർദ്ധിക്കും. സർവീസ് കുറച്ച് കളക്ഷൻ കൂട്ടാനാണ് അധികൃതർ ശ്രമിക്കുന്നതെന്നാണ് ജീവനക്കാർ തന്നെ രഹസ്യമായി പറയുന്നത്.