ഊരാളുങ്കലിനോട് മമതയ്ക്ക് കാരണം അവരുടെ കാര്യക്ഷമത
തിരുവനന്തപുരം: വിവിധ വകുപ്പുകൾക്ക് ഊരാളുങ്കൽ സൊസൈറ്റിയോടുള്ള മമതയ്ക്ക് കാരണം അവരുടെ കാര്യക്ഷമതയാണെന്നും ഊരാളുങ്കൽ തങ്ങളുടെ കൈക്കുഞ്ഞല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീർത്തിപ്പെടുത്തരുത്. ഊരാളുങ്കലിനോട് അസൂയയുള്ള ആ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടാകാം. അത്തരക്കാരുടെ വക്താവായി മാറരുത്. ഊരാളുങ്കലിനെ നേരത്തേ അധികാരത്തിലിരുന്ന സർക്കാരുകൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ പദവി ഊരാളുങ്കലിന് നൽകിയത് ഏത് കാലത്താണ് ? അവരുടെ മികവ് അംഗീകരിച്ചതിന്റെ തെളിവാണത്. പൊലീസിന്റെ രഹസ്യങ്ങൾ ആ രീതിയിൽ തന്നെ സംരക്ഷിക്കപ്പെടും.
ആയിരം പാസ്‌പോർട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് ഊരാളുങ്കലിന് അനുമതി നൽകിയത്. പാസ്‌പോർട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, പൊലീസ് സ്റ്റേഷൻ എന്നിവ രേഖപ്പെടുത്തുമ്പോൾ ആ വ്യക്തി ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള സൗകര്യം മാത്രമാണ് നൽകുക. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേയുള്ളൂ. കേരള പൊലീസ് ഒഴികെ അറിഞ്ഞോ അറിയാതെയോ ദേശീയമോ അന്തർദ്ദേശീയമോ ആയ മൂന്നാമത്തെ കക്ഷിക്ക് ഡേറ്റാ പങ്കുവച്ചാൽ അത് ഗുരുതരമായി കണക്കാക്കുമെന്നും നിയമനടപടിക്ക് കാരണമാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. നിലവിൽ പാസ്‌പോർട്ട് സംബന്ധമായ കാര്യങ്ങളൊക്കെ ടി.സി.എസ് എന്ന സ്വകാര്യ കമ്പനിയാണ് ചെയ്യുന്നത്. പാസ്‌പോർട്ടുമായി ബന്ധപ്പെട്ട ഡേറ്റാബേസ് ഇവരുടെ കൈയിൽ ഇപ്പോൾ തന്നെ നിലവിലുണ്ട്. ഇതു പുറത്തുപോകാതിരിക്കാൻ കേന്ദ്രസർക്കാർ അവരുമായി കരാറൊപ്പിട്ടിട്ടുണ്ട്. അത്തരം മാതൃക ഇവടെയും പിന്തുടരും.
ഡേറ്റാ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്തുപോകുമെന്ന ആശങ്ക വേണ്ട. അത് ഭദ്റമായിരിക്കാൻ എല്ലാ നടപടികളുമെടുക്കും. ഊരാളുങ്കലിന് ഇതുവരെ പ്രതിഫലം നൽകിയിട്ടില്ല. ഈ ആപ്ലിക്കേഷൻ പൂർണമായി വികസിപ്പിച്ച ശേഷം ഈ സ്ഥാപനം അത് പൊലീസിന് കൈമാറുന്നതും തുടർന്നുള്ള പ്രവർത്തനം പൊലീസിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കും- മുഖ്യമന്ത്രി വിശദീകരിച്ചു.