work

തിരുവനന്തപുരം: അമ്പലമുക്ക് കുരിശടിക്ക് സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടർന്നുണ്ടായ ജലക്ഷാമം പൂർണമായി പുനഃസ്ഥാപിക്കാനായില്ല. ചൊവ്വാഴ്ച രാത്രി 11.50 ഓടെ പണികൾ പൂർത്തിയാക്കി പമ്പിംഗ് തുടങ്ങിയിരുന്നു. എന്നാൽ,​ പൈപ്പ് പൊട്ടിയതിന് പിന്നാലെ പേർൂക്കടയിലെ ഓവർ ഹെഡ് ടാങ്കിൽ നിന്നുള്ള വാൽവ് അടച്ചതിനാൽ അമ്പലമുക്ക്, കവടിയാർ, കുറവൻകോണം, മരപ്പാലം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട എന്നിവിടങ്ങളിലേക്കുള്ള ലൈനുകളിൽ വായു നിറഞ്ഞിരുന്നു. അറ്റകുറ്റപ്പണി പൂർത്തിയായതിന് പിന്നാലെ പമ്പിംഗ് തുടങ്ങിയെങ്കിലും താഴ്ന്ന പ്രദേശങ്ങളിലെ ലൈനുകളിൽ മാത്രമാണ് വെള്ളം എത്തിയത്. എന്നാൽ,​ വെള്ളത്തിന് ശക്തി കുറവായിരുന്നു. ഉയർന്ന പ്രദേശങ്ങളായ കേശവദാസപുരം,​ പട്ടം ഭാഗത്തേക്കുള്ള ലൈനുകളിൽ വെള്ളം എത്തിയുമില്ല. തുടർന്ന് ഈ മേഖലകളിൽ വാട്ടർ അതോറിട്ടി ടാങ്കറുകളിൽ വെള്ളം എത്തിച്ചു.

കുടിവെള്ള വിതരണം സാധാരണ നിലയിലാകും

ഇന്ന് രാവിലെയോടെ കുടിവെള്ള വിതരണം പൂർണമായും സാധാരണ നിലയിലാകുമെന്നും വാട്ടർ അതോറിട്ടിയുടെ ഹെൽപ്‌ലൈൻ നമ്പരിൽ അറിയിച്ചാൽ ജലക്ഷാമം അനുഭവപ്പെടുന്ന ഇടങ്ങളിൽ ടാങ്കറിൽ വെള്ളം എത്തിച്ചു നൽകുമെന്നും വാട്ടർ അതോറിട്ടി എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു.