തിരുവനന്തപുരം: അരുവിക്കരയിലെ കുപ്പിവെള്ള പദ്ധതി സ്വകാര്യ വ്യക്തികൾക്കോ ഏജൻസികൾക്കോ നൽകില്ലെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു.
കല്ലട ജലസേചന പദ്ധതി നവീകരിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. പദ്ധതി വിഭാവനം ചെയ്യുന്ന മേഖലയിലെ കൃഷി 52,000 ഏക്കറിൽ നിന്ന് 10,000 ഏക്കറായി ചുരുങ്ങിയിട്ടുണ്ട്. കൃഷി വർധിപ്പിക്കാൻ കഴിയുമെങ്കിൽ കനാലുകൾ നവീകരിക്കും.
പമ്പ-അച്ചൻകോവിൽ - വൈപ്പാർ ലിങ്ക് പദ്ധതി നടപ്പാക്കാനുള്ള തമിഴ്നാടിന്റെ ശ്രമം തടയാൻ എല്ലാ മുൻകരുതലുകളും സ്വീകരിക്കും. അന്തർസംസ്ഥാന നദീജല കരാറുകൾ സംബന്ധിച്ച് ചർച്ച ചെയ്യാൻ സെപ്റ്റംബറിൽ തിരുവനന്തപുരത്ത് ചേർന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിൽ ,തമിഴ്നാട് മുന്നോട്ടു വച്ച ഈ പദ്ധതി അംഗീകരിക്കാൻ കഴിയില്ലെന്ന് അറിയിച്ചിട്ടുണ്ട്. പറമ്പിക്കുളം-ആളിയാർ, പാണ്ടിയാർ-പുന്നാപ്പുഴ നദീജല കരാറുകൾ പുതുക്കുന്നതിന് വിദഗ്ദ സമിതി രൂപവത്കരിച്ചതായും മന്ത്രി പറഞ്ഞു.