alcohol

1980 ഡിസംബർ 20. കൂട്ടുകാരുമായി പുറത്ത് പോയതിന് ശേഷം രാത്രി കാറിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന അമേരിക്കയിലെ മിനസോട്ടയിലെ ലെൻഗ്ബി സ്വദേശിനിയായ ജീൻ ഹില്ല്യാർഡ് എന്ന 19കാരിക്ക് ഒരു അപകടം സംഭവിച്ചു. റോ‌ഡിലെ ഐസിൽ തെന്നി കാർ ചാലിലേക്ക് വീണു. കനത്ത മഞ്ഞു വീഴ്‌ചയും കാറ്റും ഉണ്ടായിരുന്നു അന്നേരം. ഒരു പോറൽപോലും ഏൽക്കാത്ത ജീൻ, സഹായം അഭ്യർത്ഥിക്കാനായി അവിടെ നിന്നും 2 മൈൽ അകലെയുള്ള സുഹൃത്തായ വാലി നെൽസണിന്റെ വീട് ലക്ഷ്യമാക്കി കാറിൽ നിന്നും പുറത്തിറങ്ങി നടന്നു. മൈനസ് 30 ഡിഗ്രി സെൽഷ്യസ് ആയിരുന്നു അപ്പോഴത്തെ താപനില. കുറച്ച് നടന്നപ്പോഴേക്കും ജീനിന് തണുപ്പ് അസഹനീയമായി. നെൽസണിന്റെ വീടിന് 15 അടി അകലെ എത്തിയപ്പോഴേക്കും ജീൻ തളർന്നു വീണു. രാത്രി ഒരു മണിയായിരുന്നതിനാൽ റോഡിൽ ആരും ഇല്ലായിരുന്നു. ഏകദേശം 6 മണിക്കൂറോളം മഞ്ഞ് നിറഞ്ഞ പുൽമൈതാനത്ത് ബോധമറ്റ് കിടന്ന ജീനിനെ പുലർച്ചെ 7 മണിക്ക് വീടിന് പുറത്തിറങ്ങിയ നെൽസൺ കണ്ടു. ഉടൻ ആശുപത്രിയിൽ എത്തിച്ചു.

കൊടും തണുപ്പ് ജീനിന്റെ തലച്ചോറിന് കേട് വരുത്തിയേക്കാമെന്നും 99 ശതമാനം മരിച്ചിരിക്കാമെന്നും ഡോക്‌ടർമാർ കരുതി. ജീനിന്റെ മുഖത്തിന് ചാരനിറമായിരുന്നു അപ്പോൾ. ശക്തമായ പ്രകാശത്തോട് ജീനിന്റെ നിശ്ചലമായ കണ്ണുകൾക്ക് പ്രതികരണമില്ലായിരുന്നു. പക്ഷേ, മിനിറ്റിൽ കൂടിപ്പോയാൽ 12, എന്ന നിരക്കിൽ നേരിയ തോതിൽ ഹൃദയമിടിപ്പ് ഉണ്ടായിരുന്നു. ഇൻജക്ഷൻ വയ്‌ക്കാൻ പോലും കഴിയാത്ത വണ്ണം കട്ടിയുള്ളതായി ജീനിന്റെ ത്വക്ക് മാറിയിരുന്നു.

ഏതാണ്ട് മരണം ഉറപ്പിച്ച ജീനിനെ ഒരു ഇലക്ട്രിക് ബ്ലാങ്കെറ്റ് കൊണ്ട് ഡോക്‌ടർമാർ പൊതിഞ്ഞു. രണ്ട് മണിക്കൂറിന് ശേഷം ജീൻ ശക്തമായി വിറയ്‌ക്കാൻ തുടങ്ങുകയും ബോധം തിരികെ ലഭിക്കുകയും ചെയ്‌തു. തുടർന്ന് ജീൻ ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടതോടു കൂടി ഏവരും ഞെട്ടി. അന്ന് രാത്രിയോടെ ജീനിന് തന്റെ കൈകൾ അനക്കാൻ സാധിച്ചു. 3 ദിവസങ്ങൾക്ക് ശേഷം കാലുകളും ചലിപ്പിച്ചു. വൈദ്യശാസ്ത്ര ചരിത്രത്തിലെ ഏറ്റവും അത്ഭുതകരമായ രക്ഷപ്പെടലായി ഡോക്‌ടർമാർ ജീനിന്റെ മടങ്ങി വരവിനെ വിലയിരുത്തി. 49ാം ദിവസം തലച്ചോറിനോ ശരീരത്തിനോ യാതൊരുവിധ കുഴപ്പങ്ങളും ഇല്ലാതെ പൂർണ ആരോഗ്യത്തോടെ ജീൻ ആശുപത്രി വിട്ടു.

ജീനിന്റെ ശരീരത്തിലുണ്ടായിരുന്ന ആൽക്കഹോൾ സാന്നിദ്ധ്യം ആന്തരികാവയവങ്ങളെ കൊടും തണുപ്പിൽ നിന്നും സംരക്ഷിക്കുന്നതിന് ഒരു പരിധി വരെ സഹായകമായെന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ 58കാരിയായ ജീൻ വിവാഹിതയും മൂന്ന് കുട്ടികളുടെ അമ്മയുമാണ്. 'ഐസ് വുമൺ' എന്നറിയപ്പെടുന്ന ജീൻ, വാൾമാർട്ട് ജീവനക്കാരി കൂടിയാണ്.