editorial

ശരാശരി പൗരന്റെ ഏറ്റവും വലിയ വിനോദ ഉപാധി ഇന്നും സിനിമയാണ്. സിനിമാ ടിക്കറ്റിന്റെ വില അനുദിനം കുതിച്ചുയർന്നിട്ടും പ്രേക്ഷകർ സകുടുംബം കാണാനെത്തുന്നതുകൊണ്ടാണ് മലയാള സിനിമ വല്ല വിധേനയും നിന്നു പിഴയ്ക്കുന്നത്. സിനിമാ ടിക്കറ്റിന്മേൽ സർക്കാർ അമിത നിരക്കിൽ നികുതി ചുമത്തുന്നതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് സിനിമാ ബന്ത് നടക്കുകയാണ്. ചലച്ചിത്ര മേഖല ഒന്നടങ്കം പങ്കെടുക്കുന്ന ബന്തായിരിക്കും ഇത്. തിയേറ്ററുകൾ അടച്ചിട്ടും ഷൂട്ടിംഗ് നിറുത്തിവച്ചും പ്രതിഷേധ സമരത്തിൽ എല്ലാവിഭാഗം സിനിമാ പ്രവർത്തകരും പങ്കെടുക്കും. വർദ്ധിപ്പിച്ച വിനോദ നികുതി പിൻവലിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെങ്കിൽ കൂടുതൽ കടുത്ത നടപടികൾക്കാണ് സിനിമാ പ്രവർത്തകർ ആലോചിക്കുന്നത്. പുതിയ ചിത്രങ്ങൾ അടക്കം നിരവധി സിനിമകൾ നല്ല നിലയിൽ ഓടിക്കൊണ്ടിരിക്കുമ്പോൾ ഇത്തരത്തിലാെരു സിനിമാ ബന്തിനു മുതിരുന്നത് തീരെ നിവൃത്തിയില്ലാഞ്ഞിട്ടാണെന്ന കേരള ഫിലിം ചേംബറിന്റെ പ്രസ്താവനയുടെ പൊരുൾ സർക്കാർ തീർച്ചയായും തിരിച്ചറിയേണ്ടതു തന്നെയാണ്.

നികുതി പരിഷ്കരണത്തിന്റെ ഭാഗമായി കേന്ദ്രം രാജ്യത്തിനു മൊത്തം ബാധകമായ ജി.എസ്.ടി നടപ്പിലാക്കിയപ്പോൾ സിനിമാ ടിക്കറ്റുകൾക്ക് ഏറ്റവും ഉയർന്ന 28 ശതമാനം നികുതിയാണ് നിശ്ചയിച്ചിരുന്നത്. ദുർവഹമായ ഈ നികുതി നിരക്ക് സിനിമാ വ്യവസായത്തിന് വലിയ ഭാരമാകുമെന്ന് നാനാകോണുകളിൽ നിന്ന് മുറവിളി ഉയർന്നതോടെ നിരക്ക് 18 ശതമാനം കുറയ്ക്കാൻ ജി.എസ്.ടി കൗൺസിൽ തയ്യാറായി. അങ്ങനെ 18 ശതമാനം നികുതിയുമായി കഴിയുമ്പോഴാണ് വരുമാന നഷ്ടം നികത്താൻ സംസ്ഥാനസർക്കാർ സിനിമാ ടിക്കറ്റിന്മേൽ പത്തു ശതമാനം അധിക നികുതി ഏർപ്പെടുത്തിയത്.

ഫലത്തിൽ വിനോദ നികുതി പഴയ ജി.എസ്.ടി നിരക്കിലെത്തുകയായിരുന്നു. പല കാരണങ്ങളാൽ സിനിമാവ്യവസായം വൻ പ്രതിസന്ധികളിൽപ്പെട്ട് ഉഴലുമ്പോഴാണ് സർക്കാരിന്റെ ‌ഈ കടുംകൈ എന്നോർക്കണം. തിയേറ്റർ വഴി ലഭിക്കുന്ന വരുമാനത്തെ ആശ്രയിച്ചാണ് ഏതൊരു ചലച്ചിത്രത്തിന്റെയും ഭാവി കുടികൊള്ളുന്നത്. ആ നിലയ്ക്ക് പ്രേക്ഷകർ വിട്ടു നിന്നാൽ അതിന്റെ ആഘാതം നിർമ്മാതാവിനു മാത്രമല്ല, ചലച്ചിത്ര മേഖലയ്ക്കു മൊത്തത്തിൽ അനുഭവിക്കേണ്ടിവരും. അഞ്ചുംപത്തും രൂപയല്ല ഇന്നത്തെ കാലത്ത് സിനിമാ ടിക്കറ്റ് വില. നൂറും നൂറ്റി അൻപതുമൊക്കെയാണ്. 28 ശതമാനം വിനോദ നികുതി കിഴിച്ചാൽ തിയേറ്ററുകൾക്കും നിർമ്മാതാവിനും വലിയ വരുമാനച്ചോർച്ചയാകും ഉണ്ടാവുക. വൻ വിജയം നേടുന്ന ചിത്രങ്ങളുടെ കാര്യത്തിൽപ്പോലും ഉയർന്ന വിനോദ നികുതി നിരക്ക് ദുർവഹമായിരിക്കും. ചലച്ചിത്രമേഖലയെ പ്രോത്സാഹിപ്പിക്കാൻ പ്രത്യേകിച്ചു സഹായമൊന്നും നൽകാത്ത സർക്കാർ അധിക നികുതി ഭാരം വഴി അതിനെ കൂടുതൽ ഞെരുക്കാൻ ശ്രമിക്കുന്നത് ക്രൂരതയാണ്.

കോടിക്കണക്കിനു രൂപയാണ് വിനോദ നികുതി വഴി തദ്ദേശ സ്ഥാപനങ്ങൾ പിരിക്കുന്നത്. അവയുടെ പ്രധാനപ്പെട്ട വരുമാന സ്രോതസുകളിലൊന്നാണിത്. തദ്ദേശ സ്ഥാപനങ്ങളുടെ വരുമാനം കൂട്ടാൻ വേറെയും അനേകം വഴികൾ തുറന്നു കിടക്കുമ്പോഴും ചലച്ചിത്ര മേഖലയെ കൂടുതൽ ഞെക്കിപ്പിഴിയാനുള്ള ശ്രമം നടക്കുന്നത് അംഗീകരിക്കാനാവാത്തതാണ്. പതിനായിരക്കണക്കിനു കുടുംബങ്ങളുടെ ഉപജീവനമാർഗ്ഗം കൂടിയാണ് ചലച്ചിത്ര മേഖല എന്ന കാര്യം സർക്കാർ ഓർമ്മിക്കണം. ലക്ഷങ്ങളും കോടികളും പ്രതിഫലം പറ്റുന്ന നടീനടന്മാരുടെയും സംവിധായകരുടെയും മാത്രം വിസ്മയ ലോകമല്ല അത്. കഷ്ടപ്പെട്ടു പണിയെടുത്ത് കഷ്ടിച്ചു വരുമാനം നേടി കുടുംബം പുലർത്തുന്ന ആയിരങ്ങൾകൂടിയുണ്ട് ഈ മേഖലയിൽ. ഉയർന്ന വിനോദ നികുതിയിൽത്തട്ടി പ്രേക്ഷകർ അകന്നു പോകുന്നത് പ്രത്യക്ഷത്തിൽ ബാധിക്കുന്നത് ഈ വിഭാഗങ്ങളെയാണ്.

തുടർച്ചയായ രണ്ടു വർഷത്തെ പ്രളയത്തിനുശേഷം സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിൽ വലിയ ഇടിവുണ്ടായതിൽ ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം നിയമസഭയിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതേസമയം തന്നെ പിരിച്ചെടുക്കാനുള്ള നികുതി കുടിശ്ശികയും വൻതോതിലാണ്. സർക്കാരിന്റെ ഭാരിച്ച ചെലവുകൾ നേരിടാൻ നികുതിയിന്മേൽ വീണ്ടും നികുതികൾ ഏർപ്പെടുത്തേണ്ടിവരുന്നു. പ്രത്യേക ലക്ഷ്യം വച്ചുകൊണ്ട് ഈടാക്കുന്ന അധിക നികുതി അക്കാര്യത്തിനുവേണ്ടി ഒരിക്കലും ചെലവാക്കുന്നില്ലെന്നതാണ് മറ്റൊരു കാര്യം. മദ്യ വില്പനയിൽ ഏർപ്പെടുത്തിയ അധിക നികുതി വഴി പിരിച്ച മൂവായിരത്തി അഞ്ഞൂറു കോടിയോളം രൂപ സാമൂഹ്യ സുരക്ഷാ പദ്ധതികൾക്കായി ചെലവഴിക്കേണ്ടതായിരുന്നു.

ഒറ്റ പൈസ പോലും ഇതിനായി മുടക്കിയിട്ടില്ലെന്ന കണക്കു പുറത്തു വിട്ടത് സി.എ.ജിയാണ്. 2008നും 2018 നുമിടയ്ക്ക് മദ്യത്തിന്മേൽ ഏർപ്പെടുത്തിയ സെസിലൂടെ പിരിച്ച കോടികൾ സർക്കാരിന്റെ നിത്യനിദാന ചെലവുകൾക്കായി വിനിയോഗിക്കുകയായിരുന്നു. അതുപോലെ മോട്ടോർ വാഹന നിയമലംഘനങ്ങൾക്ക് പിഴ ചുമത്തുന്നതിലൂടെ നേടുന്ന വൻ തുകയിൽ ചെറിയ ഭാഗംപോലും റോഡുകൾ നന്നാക്കാനോ ബോധവൽക്കരണത്തിനോ വിനിയോഗിക്കാറില്ല. വിനോദ നികുതി ചെന്നു ചേരുന്ന തദ്ദേശ സ്ഥാപനങ്ങൾ ചലച്ചിത്ര മേഖലയുടെ ഉന്നതിക്കായി എന്തെങ്കിലും നന്മ ചെയ്യുന്നതായി കണ്ടിട്ടില്ല. ടിക്കറ്റെടുത്ത് തിയേറ്ററുകളിൽ കയറുന്ന പ്രേക്ഷകർക്കായി എന്തെങ്കിലും സൗകര്യങ്ങൾ കൂട്ടാൻ അവരാരും ഇറങ്ങാറുമില്ല.