തിരുവനന്തപുരം : പ്രതിദിനം ആയിരക്കണക്കിന് രോഗികൾ ചികിത്സതേടിയെത്തുന്ന ആർ.സി.സിയിൽ മാസങ്ങളായി ടാങ്കർ ലോറികൾ രാത്രിയും പകലുമില്ലാതെ കയറിയിറങ്ങുന്നു. കാരണം തിരക്കിയപ്പോൾ കണ്ടെത്തിയത് ആർ.സി.സിക്ക് ഉണ്ടാകുന്ന ലക്ഷങ്ങളുടെ നഷ്ടത്തിന്റെ കഥ. ആർ.സി.സിയുടെ കീശ കാലിയായാൽ ഏതുസമയവും രോഗികളുടെ കുടിവെള്ളം മുട്ടുമെന്ന സ്ഥിതിയാണിപ്പോൾ. ആഗസ്റ്റ് മുതലാണ് കുടിവെള്ള പ്രശ്നം രൂക്ഷമായത്. ആശുപത്രിയുടെ വാട്ടർടാങ്ക് നിറയാതെ വന്നതോടെയാണ് കുടിവെള്ളത്തിനായി സ്വകാര്യ ഏജൻസികളെ ആശ്രയിച്ചത്. മൂന്നു മാസത്തിനിടെ 3.25 ലക്ഷം രൂപയാണ് കുടിവെള്ളത്തിനായി ഏജൻസിക്ക് നൽകിയത്. 15ലക്ഷം കിലോലിറ്റർ സംഭരണ ശേഷിയുള്ള ആർ.സി.സിയിലെ വാട്ടർ ടാങ്ക് ആഗസ്റ്റ് മുതൽ നിറയാറില്ല. ജലക്ഷാമം രോഗികളെ ബാധിക്കുമെന്ന സ്ഥിതിവന്നതോടെ ആശുപത്രി അധികൃതർ സ്വകാര്യ ഏജൻസിയിൽ നിന്നു കുടിവെള്ളം വാങ്ങി തുടങ്ങി. കഴിഞ്ഞ രണ്ടു വർഷമായി രണ്ടുമാസത്തിലൊരിക്കൽ ശരാശരി 13മുതൽ 14ലക്ഷം രൂപവരെയാണ് വെള്ളക്കരമായി വാട്ടർഅതോറിട്ടിയിൽ ആർ.സി.സി നൽകുന്നത്. കുടിവെള്ള ക്ഷാമമുണ്ടായ ഇക്കഴിഞ്ഞ മാസങ്ങളിലും 14ലക്ഷം രൂപ ആർ.സി.സിയിൽ നിന്നു വാട്ടർ അതോറിട്ടി ഈടാക്കി. ഇതുകൂടാതെയാണ് സ്വകാര്യ ഏജൻസിക്കും ലക്ഷങ്ങൾ നൽകുന്നത്.
കണക്കുകൾ
ആർ.സി.സിയിലെ ടാങ്കിന്റെ സംഭരണശേഷി 15 ലക്ഷം കി.ലിറ്റർ
രണ്ടുമാസത്തിലൊരിക്കൽ ആർ.സി.സി വാട്ടർഅതോറിട്ടിക്ക് നൽകുന്നത് 14 ലക്ഷം
മൂന്നുമാസമായി സ്വകാര്യ ഏജൻസിക്ക് നൽകിയത് 3.25 ലക്ഷം
വെള്ളം സുരക്ഷിതമോ
സ്വകാര്യ ഏജൻസി ടാങ്കറിലെത്തിക്കുന്ന വെള്ളം ആശുപത്രിയുടെ വാട്ടർടാങ്കിലാണ് നിറയ്ക്കുന്നത്. ഇത് ഗുണനിലവാരമില്ലാത്ത വെള്ളമാണെങ്കിൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ആരോഗ്യവിദഗ്ദ്ധർ പറയുന്നു.
ആർ.സി.സിയിൽ വെള്ളമെത്തുന്നത്
വാട്ടർ അതോറിട്ടി പോങ്ങുംമൂട് സെക്‌ഷൻ പരിധിയിലാണ് ആർ.സി.സി ഉൾപ്പെടുന്നത്
എന്നാൽ പേരൂർക്കടയിൽ നിന്നുള്ള ടാങ്കിൽ നിന്നാണ് ഇവിടേക്ക് വെള്ളമെത്തുന്നത്.
പേരൂർക്കടയിലെ ടാങ്കിൽ നിന്ന് നേരിട്ട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തും
മെഡിക്കൽകോളേജിലെ വാർട്ടർഅതോറിട്ടി വിഭാഗം രാത്രിയിൽ വാൽവ് തുറന്നാലേ ആർ.സി.സിയിലെ ടാങ്ക് നിറയൂ
'മെഡിക്കൽ കോളേജും ആർ.സി.സിയും തമ്മിലുള്ള ധാരണപ്രകാരമാണ് വെള്ളം പങ്കുവയ്ക്കുന്നത്. മെഡിക്കൽ കോളേജിലെ ഡിവിഷനിൽ അടുത്തിടെ ലഭിക്കുന്ന വെള്ളം കുറഞ്ഞതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ഇക്കാര്യം സൂപ്രണ്ടിംഗ് എൻജിനിയർ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.'
- ജോയി വി. ജോൺ
എ.എക്‌സ്.ഇ
വാട്ടർ അതോറിട്ടി, പോങ്ങുംമൂട് ഡിവിഷൻ
'കുടിവെള്ള പ്രശ്നം അടുത്തിടെ രൂക്ഷമാണ്. പ്രശ്നം വാട്ടർഅതോറിട്ടിയെ അറിയിച്ചിട്ടുണ്ട്.'
- ഡോ.സജീദ്
ആർ.സി.സി സൂപ്രണ്ട്