കിളിമാനൂർ: കിളിമാനൂർ റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. രാജ്യത്തെ പ്രമുഖരായ പതിനഞ്ച് ഡോക്ടർമാരുടെ മേൽനോട്ടത്തിലാണ് പതിനഞ്ച് ഫാക്കൽറ്റികളിലായി ക്യാമ്പ് നടക്കുന്നത്.
പൾമനറി മെഡിസിൻ, സർജിക്കൽ ഗ്യാസ്ട്രോ, കാർഡിയോ തെറാസിക്, യൂറോളജി, ഓർത്തോ, ഇ.എൻ.ടി, ഫിസിയോ തെറാപ്പി, തുടങ്ങിയവ ഉൾപ്പെടെയുള്ള പതിനഞ്ചോളം വിഭാഗങ്ങളിൽ രാജ്യത്തെ പ്രമുഖ ഡോക്ടർമാരിൽ നിന്നുമുള്ള സേവനമാണ് ക്യാമ്പിൽ ലഭ്യമാകുന്നത്. സാമ്പത്തികമായി പിന്നോക്കമുള്ളവർക്ക് നഗരങ്ങളിൽ ഉള്ള മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ എത്തുന്നതിനും, ഡോക്ടർമാരെ കൺസൾട്ട് ചെയ്യുന്നതിനും വൻ ചെലവ് താങ്ങാൻ കഴിയാത്ത സ്ഥിതി ഉള്ളതിനാലാണ് റോട്ടറി ക്ലബ്, കിളിമാനൂർ വിദ്യാ അക്കാഡമി ഓഫ് സയൻസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം ശ്രീ നാരായണ ക്ലബ് എന്നിവയുടെ സഹകരണത്തോടെ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രോഗാവസ്ഥയുടെ പ്രാഥമിക ഘട്ടത്തിൽ അവ കണ്ടെത്തി ചികിത്സ നിർണയിക്കുകയും ഒന്നാം ഘട്ടത്തിൽ ആവശ്യമായ മരുന്നുകൾ നൽകുകയും ചെയ്യും.
ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ കിളിമാനൂർ റോട്ടറി ക്ലബ് കമ്മൂണിറ്റി ഹാളിൽ വച്ചാണ് ക്യാമ്പ് നടക്കുന്നത്. അന്ന് രാവിലെ രജിസ്ട്രേഷൻ നടക്കും. മുന്നൂറോളം കുടുംബഗങ്ങളിൽ ഉള്ളവർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്ന് റോട്ടറി ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. സ്ത്രീകളിൽ ബ്രസ്റ്റ് ക്യാൻസർ വ്യാപകമായിട്ടുള്ള സാഹചര്യത്തിൽ ഇവർക്കായുള്ള രോഗ നിർണയ ക്യാമ്പ് ഡിസംബർ ആദ്യവാരം സംഘടിപ്പിക്കും. പത്രസമ്മേളനത്തിൽ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് ജി. ശശിധരൻ, സെക്രട്ടറി ബി. ശ്രീകുമാർ, ഖജാൻജി നാഗേഷ്, വിദ്യാ എൻജിനിയറിംഗ് കോളേജ് വൈസ് പ്രിൻസിപ്പൽ വിജയകുമാർ, പത്മാവതി ഹാർട്ട് ഫൗണ്ടേഷൻ എം.ഡി ഡോ. സുമിത്രൻ, ഡോ. രാമൻനായർ, കെ.ജി. പ്രിൻസ്, ചന്ദ്രൻ, അനിൽകുമാർ എന്നിവർ പങ്കെടുത്തു.