വെഞ്ഞാറമൂട്: രോഗികളുടെ അടുത്തെത്തി ചികിത്സിക്കുന്ന സംരംഭത്തിന് തുടക്കം കുറിച്ച് ജില്ലാ ഹോമിയോപതി വകുപ്പ്. ഹോമിയോപ്പതി മൊബൈൽ യൂണിറ്റ് എന്ന പേരിൽ ആരംഭിക്കുന്ന പദ്ധതിക്ക് വാമനപുരം, അരുവിക്കര മണ്ഡലങ്ങളിൽ തുടക്കം കുറിക്കും. ഒറ്റപ്പെട്ട കോളനികളിൽ താമസിക്കുന്ന രോഗികളെ ആശുപത്രിയിൽ കൊണ്ടുപോകാനാളില്ലാത്തതു കൊണ്ടോ വാഹനമില്ലാത്തതിനാലോ ചികിത്സ ലഭിക്കുന്നില്ലെന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഹോമിയോപ്പതി വകുപ്പിന്റെ പ്രവർത്തനം. ഹോമിയോ ഡോക്ടർമാരും ,ഫാർമസിസ്റ്റും ഉൾപ്പെടുന്ന ഒരു സംഘം ആരോഗ്യ പ്രവർത്തകർ എല്ലാമാസവും തിരഞ്ഞെടുക്കപ്പെട്ട പട്ടികജാതി-പട്ടിക വർഗ കോളനികളിൽ എത്തി രോഗ നിർണയവും,ചികിത്സയും സൗജന്യ മരുന്നു വിതരണവും നൽകും. വാമനപുരം പഞ്ചായത്തിലെ പെരിങ്ങമ്മല, പുല്ലമ്പാറ പഞ്ചായത്തുകളിലും, അരുവിക്കര മണ്ഡലത്തിൽ കുറ്റിച്ചൽ പഞ്ചായത്തിലുമാണ് ഹോമിയോപ്പതി വകുപ്പിന്റെ സഞ്ചരിക്കുന്ന യൂണിറ്റ് എത്തുന്നത്. പുല്ലമ്പാറ പഞ്ചായത്തിലെ പട്ടികജാതി കോളനികളായ ധൂളിക്കുന്ന്, വാലിക്കുന്ന്, വട്ടയം, പെരിങ്ങമ്മല പഞ്ചായത്തിലെ ഈയ്യക്കോട്, കുറ്റിച്ചൽ പഞ്ചായത്തിലെ മുക്കൊത്തി വയൽ എന്നിവിടങ്ങളിലുള്ളവർക്ക് പദ്ധതി പ്രയോജനപ്പെടും. വാമനപുരം മണ്ഡലത്തിലെ ചുള്ളാളത്ത് ഡി.കെ. മുരളി എം.എൽ.എ മൊബൈൽ യൂണിറ്റ് ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് അസീനാ ബീവിയുടെ അദ്ധ്യക്ഷതയിൽ ഹോമിയോപതി ജില്ലാ മെഡിക്കൽ ഓഫീസർ സി.എസ്. പ്രദീപ്, ഡോ. ബീന, ശ്രീകണ്ഠൻ നായർ, ഷീലാകുമാരി, രാധാ വിജയൻ, സുജാത, ഡോ. മീരാ റാണി, ഡോ. രാജീവ് എബ്രഹാം, ഡോ. ഷീല, രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.