കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ തിരുവട്ടാറിൽ ഡ്രൈവറെ കൊലപ്പെടുത്തിയ കേസിലെ രണ്ടുപേർ പിടിയിൽ. വേർക്കളമ്പി സാണിവിള സ്വദേശി ഫെലിക്സ് (21), മണികണ്ഠൻ (26) എന്നിവരാണ് അറസ്റ്റിലായത്. തിരുവട്ടാർ അംബോട്ടുതലവിള സ്വദേശി പൊൻ ജബസിംഗ് (40) ആണ് കൊല്ലപ്പെട്ടത്. ജബസിംഗിന് ഭാര്യയും മൂന്ന് കുട്ടികളുമുണ്ട്. കഴിഞ്ഞ മാസം 3ന് ഭാര്യ അനിതകുമാരി കുളിക്കാൻ പോയി തിരിച്ചു വന്നപ്പോൾ തലയ്ക്കടിയേറ്റ നിലയിൽ ജബസിംഗിനെ വീടിനുമുന്നിൽ കാണുകയായിരുന്നു. തുടർന്ന് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവട്ടാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സ്പെഷ്യൽ സ്‌ക്വാഡ് രൂപീകരിച്ച് അന്വേഷണം നടത്തവെയാണ് പ്രതികൾ പിടിയിലായത്. സംഭവത്തെ കുറിച്ചു പൊലീസ് പറയുന്നത് ഇങ്ങനെ: ജബസിംഗ് വീട്ടിൽ അനധികൃതമായി മദ്യ വില്പന നടത്തി വരികയായിരുന്നു. സംഭവ ദിവസം പ്രതികൾ മദ്യം വാങ്ങാനായി ഇയാളുടെ വീട്ടിലെത്തി. മദ്യം വാങ്ങിയ ശേഷം കാശ് കടം പറഞ്ഞതോടെ പ്രതികളും ജബസിംഗുമായി വാക്കുതർക്കമുണ്ടായി. തുടർന്ന് പ്രതികൾ ജബസിംഗിനെ ആക്രമിച്ച ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. തക്കല കോടതിയിൽ ഹാജരാക്കിയ പ്രതികളെ നാഗർകോവിലിലെ ജയിലിലടച്ചു.