malayinkil

മലയിൻകീഴ് : പ്രദേശവാസികളുടെ വർഷങ്ങളായിട്ടുള്ള ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ കുണ്ടമൺകടവിൽ നിർമ്മിച്ച പുതിയ പാലം കൈയേറി കച്ചവടവും പാർക്കിംഗുമെന്ന് പരാതി. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമ്മിച്ച പഴയ തൂണില്ലാപാലത്തിന് സമാന്തരമായി നിർമ്മിച്ച പുതിയ പാലത്തിലാണ് വഴിവാണിഭക്കാരും സ്വകാര്യവാഹനങ്ങളും അപകട ഭീഷണി ഉയർത്തുന്നത്. എപ്പോഴും പൊലീസിന്റെ സാന്നിദ്ധ്യമുള്ള ഇവിടെ വഴിവാണിഭക്കാരെ കണ്ടഭാവം പോലും പൊലീസ് കാട്ടാറില്ലെന്ന് ആരോപണമുണ്ട്. കൈയേറ്റം കാരണം രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് ഉണ്ടാകുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്. പെട്രോൾ ടാങ്കറുകൾ ഉൾപ്പെടെയുള്ളവയുടെ രാത്രികാല പാർക്കിംഗ് കേന്ദ്രമായി കുണ്ടമൺകടവ് പുതിയ പാലം മാറിയത് സുരക്ഷാഭീഷണി ഉയർത്തുന്നുണ്ട്. രാത്രിയിൽ പാലത്തിലെ പാർക്കിംഗ് അറിയാതെ അമിതവേഗത്തിലെത്തുന്ന വാഹനങ്ങൾ ടാങ്കറുമായി കൂട്ടിയിടിച്ചാൽ വൻ അപകടം ഉണ്ടാകും. സ്വകാര്യ, സമാന്തര സർവീസ് വാഹനങ്ങളും സ്വകാര്യ ബസുകളും ഈ സ്ഥലത്താണ് പാർക്കിംഗ്. ചില ഉന്നത പൊലീസുകാരുടെ ഒത്താശയോടെയാണ് അനധികൃത പാർക്കിംഗ് എന്നതിനാലാണ് പൊലീസ് ഇടപെടാത്തതെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്. പെട്രോളുമായി എത്തുന്ന ലോറികൾ പൊതുറോഡുകളിൽ പാർക്കിംഗ് പാടില്ലെന്നത് പലപ്പോഴും കുണ്ടമൺകടവിൽ ബാധകമല്ലാതായിട്ടുണ്ട്. പള്ളിമുക്ക്, മലയിൻകീഴ്, കാട്ടാക്കട, ആര്യനാട്, പേയാട് പമ്പുകളിലേക്ക് പെട്രോൾ കൊണ്ടുപോകുന്ന ടാങ്കറുകൾ രാത്രിയിലാണ് ഇവിടെയെത്തുന്നത്. ഈ ലോറികൾ പമ്പുകൾ തുറക്കുന്നത് വരെ കുണ്ടമൺകടവ് പാലത്തിനരികിൽ പാർക്ക് ചെയ്യാറുണ്ടത്രെ. രാത്രിയും പകലുമില്ലാതെ വഴിവാണിഭക്കാർ പാലം കൈയേറുന്നതും അപകടഭീഷണിയാകുന്നുണ്ട്. വൻദുരന്തം ഒഴിവാക്കുന്നതിന് അടിയന്തര നടപടി അധികൃതർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.