കാട്ടാക്കട: കാട്ടാക്കട മാർക്കറ്റ് റോഡിലെ നിറുത്തിവച്ചിരുന്ന ഫുട്പാത്ത് നിർമ്മാണം പുനരാരംഭിച്ചു. തിരക്കുള്ള കാട്ടാക്കട പബ്ലിക് മാർക്കറ്റ് റോഡിലെ ഓടയുടെ സ്ലാബുകൾ കഴിഞ്ഞ ഒരു മാസത്തിലേറെയായി ഇളക്കി മാറ്റിയ നിലയിലാണ്. പി.ഡബ്ലിയു.ഡി അധികൃതരുടെ അനാസ്ഥയാണ് പ്രശ്നങ്ങൾ ഇതര സങ്കീർണമാക്കിയത്. ഇതേപ്പറ്റി ഇന്നലെ കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വിഷയം ജനങ്ങൾക്കിടയിൽ ചർച്ചയായതിനെ തുടർന്ന് ഇന്നലെ രാവിലെ മുതൽ നിർമ്മാണം ആരംഭിക്കുകയായിരുന്നു.
മെയിൻ റോഡിന് സമീപത്തെ ഓടയുടെ സ്ലാബുകൾ ഇളക്കി മാറ്റിയതോടെ വഴിനടക്കുന്നവരുടെ കണ്ണൊന്ന് തെറ്റിയാൽ ഓടയിൽ വീഴുന്ന സ്ഥിതിയായി. ദിവസങ്ങൾക്കകം ഈ പണി പൂർത്തിയാകുമെന്നാണ് സൂചന.
മാർക്കറ്റ് റോഡിൽ എപ്പോഴും വലിയ തിരക്കാണ്. തിങ്കൾ, വ്യാഴം മാർക്കറ്റ് ദിവസങ്ങളിൽ ഈ റോഡിലൂടെ കടന്നുപോകണമെങ്കിൽ മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വരും. ഫുട്പാത്തുകൾ യാഥാർത്ഥ്യമാകുന്നതോടെ കാൽനടയാത്രക്കാർക്ക് ഏറെ അനുഗ്രഹമാകും. നേരത്തേ ഫുട്പാത്ത് കൈയേറിയാണ് സമീപത്തെ കടകളിലെ സാധനങ്ങൾ ഇറക്കി വയ്ക്കുന്നതും വാഹനങ്ങൾ പാർക്കുചെയ്യുന്നതും. ഫുട്പാത്ത് നിർമ്മാണത്തോടൊപ്പം ഈ പ്രദേശങ്ങളിൽ കൈയേറ്റം നടക്കാതിരിക്കാൻ ഹാൻറീലുകൾകൂടി സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.