തിരുവനന്തപുരം : നാട്ടിൽ കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ച് വരുന്നതിനാൽ വന്യമൃഗസംരക്ഷണ നിയമത്തിൽ മാറ്റങ്ങൾ വരുത്തി കർഷകരെ രക്ഷിക്കണമെന്നും കൃഷിനാശം ഉണ്ടായിട്ടുള്ള കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്നും ജനതാദൾ (എസ്) നേതാവ് ആര്യനാട് രാമചന്ദ്രൻ ആവശ്യപ്പെട്ടു. ജില്ലയുടെ കിഴക്കൻ പ്രദേശങ്ങളിൽ കാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി വാഴ, കപ്പ, റബർ എന്നിവ നശിപ്പിക്കുകയും കുട്ടികളെയും പ്രായംചെന്നവരെയും ആക്രമിക്കുകയും ചെയ്യുന്നത് വ്യാപകമാകുകയാണ്. കിസാൻ ജനത (എസ്) അരുവിക്കര നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് കുറ്റിച്ചൽ ചന്ദ്രബാബു അദ്ധ്യക്ഷത വഹിച്ചു. വെള്ളനാട് രവി, പരുത്തിപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കോട്ടൂർ നസീർ, സോളമൻ, മോഹനൻ, രാജൻ എന്നിവർ സംസാരിച്ചു.