കല്ലമ്പലം: ദേശീയപാതയിൽ കല്ലമ്പലം ജംഗ്ഷനു സമീപം കൊല്ലം റോഡിൽ നിറുത്തിയിട്ടിരുന്ന വാനിനു പിറകിൽ കാറിടിച്ച് നാലുപേർക്ക് പരിക്ക്. കരവാരം വഞ്ചിയൂർ സത്യവില്ലയിൽ ഷിനോ (36), ഭാര്യ വിനീത (33), ഇവരുടെ ഒരു വയസുള്ള മകൻ ആദി, വിനീതയുടെ പിതാവ് വിനോദ് കുമാർ (60) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ വിനീതയുടെയും ആദിയുടെയും പരിക്ക് ഗുരുതരമാണ്. കഴിഞ്ഞ ദിവസം വൈകിട്ട് 3.30 നായിരുന്നു അപകടം. ആറ്റിങ്ങൽ ഭാഗത്തു നിന്നു വന്ന കാർ വാനിന്റെ ഇടതു വശത്ത് ഒതുക്കിയിട്ടിരുന്ന സെയിൽസ് വാനിന്റെ പിറകിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. പരിക്കേറ്റവരെ ഉടനേ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.