pinarayi

 പ്രവാസി ക്ഷേമ ബിൽ സഭ പാസാക്കി

തിരുവനന്തപുരം: വിദേശ ജോലിയുടെ പേരിൽ തട്ടിപ്പു നടത്തുന്ന റിക്രൂട്ടിംഗ് ഏജൻസികളെ കരിമ്പട്ടികയിൽപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. ഗൾഫ് മേഖലയിലെ മലയാളി യാത്രക്കാരിൽ നിന്ന് മോഹചാർജ് ഈടാക്കുന്ന വിമാനക്കമ്പനികളുടെ നടപടി അവസാനിപ്പിക്കാൻ ശ്രമം നടത്തും. ഒമാൻ എയർവേയ്സ് പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും യാത്രക്കൂലിയിൽ ഏഴു ശതമാനത്തിന്റെ ഇളവ് അനുവദിച്ചിട്ടുണ്ട്. എമിറേറ്റ്സ്, കുവൈറ്റ് എയർലൈൻസുകളുമായും ചർച്ച നടക്കുന്നു. പ്രവാസി കേരളീയരുടെ ക്ഷേമ ഭേദഗതി ബില്ലിന്റെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

പ്രവാസികളുടെ ജീവിതാവസാനം വരെ ലക്ഷ്യം വച്ചുള്ളതാണ് പ്രവാസി നിക്ഷേപ എൻഡോവ്‌മെന്റ്. പത്ത് ശതമാനം ഡിവിഡന്റ് നിർബന്ധമാക്കിയിട്ടുണ്ട്. ഇതിൽ ഒമ്പതു ശതമാനം കിഫ്ബിയും ഒരു ശതമാനം സർക്കാരുമാണ് നൽകുന്നത്. മടങ്ങിവരുന്ന പ്രവാസികൾക്ക് പദ്ധതികൾ തുടങ്ങുന്നതിന്റെ ഭാഗമായി 550 പേർക്ക് ഏഴ് കോടി രൂപ വായ്പ നൽകി. പദ്ധതിയിലേക്ക് 14 ബാങ്കുകളെ കൂടി കൊണ്ടുവരും. സാന്ത്വന പദ്ധതിയുടെ ഭാഗമായി 2018-19ൽ 25 കോടി രൂപ നൽകി.

2019-ലെ പ്രവാസി കേരളീയരുടെ ക്ഷേമ (ഭേദഗതി) ബിൽ സഭ പാസാക്കി. നിക്ഷേപ സുരക്ഷയോടൊപ്പം പ്രവാസികൾക്കും അവരുടെ ജീവിത പങ്കാളികൾക്കും മാസവരുമാനം ഉറപ്പാക്കും. പ്രവാസികളിൽ നിന്ന് മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം വരെയുള്ള നിക്ഷേപങ്ങൾ സ്വീകരിച്ച് അത് സർക്കാർ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. കിഫ്ബിയാണ് ഇപ്പോൾ നിശ്ചയിച്ചിട്ടുള്ള ഏജൻസി. പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും നോമിനിക്കോ അനന്തരാവകാശിക്കോ കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റ് നൽകുന്നത് അവസാനിക്കും.