sabarimala-women-entry

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ ഇന്ന് സുപ്രീംകോടതി പറയുന്ന വിധി വിശ്വാസികളടക്കം എല്ലാവരും മാനിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ എ.പത്മകുമാർ പറഞ്ഞു.

കാലാവധി പൂർത്തിയാക്കിയ അംഗം കെ.പി.ശങ്കരദാസിനൊപ്പം ദേവസ്വം ബോർഡ് ആസ്ഥാനത്തു വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിധി നടപ്പാക്കാൻ സർക്കാരിനും ദേവസ്വംബോർഡിനും ബാദ്ധ്യതയുണ്ട്. വിധി എന്തായാലും ഭക്തരും ജനങ്ങളും സമാധാനത്തോടെ ഉൾക്കൊള്ളണം. ശബരിമല വിഷയത്തിൽ ബോർഡിന്റെ നിലപാടുകൾ ശരിയാണെന്നു തെളിഞ്ഞു. നേരത്തേ വിധി വന്നപ്പോൾ മുതലെടുക്കാനും രാഷ്ട്രീയവത്കരിക്കാനും ശ്രമം നടന്നു. പ്രശ്നങ്ങളുണ്ടാക്കണമെന്ന് പലരും ആഗ്രഹിച്ചു.
ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ ചെയ്താണ് സർക്കാരും ദേവസ്വം ബോർഡംഗങ്ങളും അധികാരമേൽക്കുന്നത്. എന്നാൽ ദേവസ്വം ബോർഡ് ഭാരവാഹികൾ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കുമെന്ന് കൂടി സത്യപ്രതിജ്ഞ ചെയ്യുന്നുണ്ട്. കോടതിവിധി, സർക്കാർ നിലപാട്, ആചാരങ്ങൾ, വിശ്വാസികളുടെ താത്പര്യം എന്നിവ പരിഗണിച്ചാണ് ദേവസ്വം ബോർഡ് നിലപാടെടുത്ത്. വിശ്വാസികളുടെ താത്പര്യം സംരക്ഷിക്കണമെന്നതാണ് സർക്കാർ നിലപാട്. കമ്മ്യൂണിസ്റ്റ് പാർട്ടിയും വിശ്വാസം സംരക്ഷിക്കാൻ ബാധ്യതപ്പെട്ടവരാണെന്നും പദ്മകുമാർ പറഞ്ഞു.

 പിണറായി വിജയൻ തെറ്റിദ്ധരിക്കപ്പെട്ട മുഖ്യമന്ത്രി

ശബരിമലയുടെ പേരിൽ തെറ്റിദ്ധരിക്കപ്പെട്ട മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. ശബരിമല വികസനത്തിനുള്ള നിസാര കാര്യങ്ങളിൽപ്പോലും അദ്ദേഹം നേരിട്ട് ഇടപെടുമായിരുന്നു. മുഖ്യമന്ത്രി, ദേവസ്വം മന്ത്രി എന്നിവരുടെ സഹകരണത്തോടെ നടത്തിയ പ്രവർത്തനം ബോർഡിന് സഹായകരമായി. ശബരിമല ഉൾപ്പടെയുള്ള ക്ഷേത്രങ്ങളിൽ 1500 കോടിയുടെ വികസനപ്രവർത്തനങ്ങൾ നടത്തിയെന്നും പത്മകുമാർ പറഞ്ഞു.