വിതുര: പൊൻമുടി- നെടുമങ്ങാട് സംസ്ഥാന പാതയിലെ പ്രധാന ജംഗ്ഷനായ വിതുര കലുങ്കിൽ പൈപ്പ് പൊട്ടൽ നിത്യ കാഴ്ചയാണ്. പൈപ്പ് പൊട്ടി ദിവസങ്ങളോളം ശുദ്ധജലം പാഴായി റോഡിലൂടെ ഒഴുകുന്നത്. റോഡിന്റെ വശങ്ങൾ വെള്ളമൊഴുകി തോടായി മാറിയിട്ടും നടപടിയില്ലെന്നും പരാതിയുണ്ട്. ഇവിടെ വെള്ളംകെട്ടിക്കിടന്ന് ചെളിക്കുളമായതോടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനട യാത്രക്കാരുടെ ദേഹത്തേക്ക് ചെളി തെറിച്ച് വീഴുന്നതും നിത്യമാണ്. പൈപ്പ് പൊട്ടുന്നത് പതിവായതോടെ പ്രദേശത്തെകുടിവെള്ളവും തടസപ്പെട്ടു. ഇതോടെ പൈപ്പ് ജലത്തെ ആശ്രയിച്ച് കഴിയുന്ന കുടുമ്പങ്ങളും കച്ചവടക്കാരും ബുദ്ധിമുട്ടുകയാണ്.

രണ്ടാഴ്ച മുൻപും പൈപ്പ് പൊട്ടി ദിവസങ്ങളോളം കുടിവെള്ളം പാഴായി ഒഴുകിയിരുന്നു. ഒരാഴ്ചക്ക് ശേഷമാണ് കേടായ പൈപ്പ് നന്നാക്കിയത്. രണ്ട് ദിവസം മുൻപ് വീണ്ടും പൊട്ടി. ഓരോ തവണയും പൈപ്പ് പൊട്ടുമ്പോൾ കുടിവെള്ളത്തിനായി ബുദ്ധിമുട്ടുകയാണ് ഇവിടുത്തെ ജനങ്ങൾ.

അര നൂറ്റാണ്ട് മുൻപ് വിതുര ശുദ്ധജല പദ്ധതി നടപ്പിലാക്കിയപ്പോൾ സ്ഥാപിച്ച പൈപ്പു ലൈനുകളാണ് ഇപ്പോഴും പൊട്ടുന്നത്. ഇതിന് ശേഷം ധാരാളം ഹൗസ് കണക്ഷൻ നൽകിയിട്ടുണ്ട്. എന്നാൽ പൈപ്പ് ലൈനുകൾ നീട്ടുകയോ പുതിയ ലൈൻ സ്ഥാപിക്കുകയോ ചെയ്തിട്ടില്ല. കലുങ്ക് ജംഗ്ഷനിൽ മാത്രമല്ല പൈപ്പ് പൊട്ടി ഒഴുകുന്നത്. പഞ്ചായത്തിലെ മറ്റ് ആറിടങ്ങളിൽ കൂടി പൈപ്പ് പൊട്ടി ഒഴുകുന്നുണ്ട്. കേടാകുന്ന പൈപ്പുകൾ യഥാസമയം നന്നാക്കുന്നില്ലെന്ന് വ്യാപകമായി പരാതിയുണ്ട്. വിതുര-തൊളിക്കോട് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണുന്നതിനായി എട്ട് വർഷം മുൻപ് ആവിഷ്ക്കരിച്ച വിതുര തൊളിക്കോട് ശുദ്ധജല പദ്ധതി പൂ‌ത്തിയായാൽ മാത്രമേ നിലവിലുള്ള പ്രശ്നത്തിന് പരിഹാരം കാണുവാൻ സാധിക്കുകയുള്ളു. കുടിവെള്ള പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിതുര പഞ്ചായത്തിൽ പൂർത്തിയായെങ്കിലും തൊളിക്കോട് പഞ്ചായത്തിൽ പണി നീളുകയാണ്. നി‌ർമ്മാണം ഉടൻ പൂ‌ർത്തീകരിക്കുമെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.