തിരുവനന്തപുരം : സംഘടാകരുത്ത് വിളിച്ചോതി തയ്യൽ തൊഴിലാളികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ വാഗ്ദാന ലംഘനത്തിനെതിരെ ആൾ കേരള ടെയ്‌ലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സ്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിന് തൊഴിലാളികൾ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് ഒഴുകിയെത്തിയത്. പ്രസവാനുകൂല്യം ലഭിക്കാത്ത അമ്മമാരും ഇവരുടെ കുട്ടികളും സമരത്തിൽ അണിചേർന്നു. പാളയത്തു നിന്നാരംഭിച്ച പ്രകടനം സെക്രട്ടേറിയറ്റ് നടയിൽ സമാപിച്ചു.
കൈക്കുഞ്ഞുങ്ങളുമായി തയ്യൽ തൊഴിലാളികൾക്കു സമരത്തിനിറങ്ങേണ്ട അവസ്ഥ സൃഷ്ടിച്ചത് സർക്കാരാണെന്ന് സമരം ഉദ്ഘാടനം ചെയ്ത പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തയ്യൽ തൊഴിലാളി ക്ഷേമനിധി സംരക്ഷിക്കണം.തൊഴിലാളികളുടെ ആവശ്യങ്ങൾ നിയമസഭയിൽ ഉന്നയിക്കും. പല ക്ഷേമ പദ്ധതികൾക്കും ഉദ്യോഗസ്ഥരാണു തടസം നിൽക്കുന്നതെന്നും ഉദ്യാേഗസ്ഥരെ നിലയ്ക്ക് നിറുത്താൻ സർക്കാർ തയ്യാറാകണമെന്നും ബി.ജെ.പി നേതാവ് വി.വി.രാജേഷ് പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.സി.ബാബു. പ്രസിഡന്റ് കെ.ഓമനക്കുട്ടൻ ,ട്രഷറർ ജി.കാർത്തികേയൻ തുടങ്ങിയവർ പ്രസംഗിച്ചു.