വർക്കല: ശിവഗിരി തീർത്ഥാടനത്തിനു മുന്നോടിയായി എസ്.എൻ.ഡി.പി യോഗം കാപ്പിൽ ശാഖാമന്ദിരത്തിൽ 17വൈകുന്നേരം 6.30ന് തീർത്ഥാടന വിളക്കിന് തിരിതെളിയും. ചെമ്പഴന്തി ഗുരുകുലം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയാണ് തീർത്ഥാടനവിളക്ക് തെളിക്കുന്നത്. ശാഖാ പ്രസിഡന്റ് ജി. ശ്രീകണ്ഠൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരി യൂണിയൻ സെക്രട്ടറി അജി.എസ്.ആർ.എം മുഖ്യപ്രഭാഷണം നടത്തും. ഡോ. പ്രശാന്തൻ, ചിറയിൻകീഴ് താലൂക്ക് എൻ.എസ്.എസ് യൂണിയൻ വൈസ് പ്രസിഡന്റ് ജി. ഹരിദാസൻനായർ, പി.ആർ. അഭിലാഷ്, എ.എ. സലാം കൊല്ലം, ടി.വി. സാബു കാപ്പിൽ, ഇടവ ഗ്രാമപഞ്ചായത്തംഗം എൻ. രാജു എന്നിവർ സംസാരിക്കും. കോ-ഓർഡിനേറ്റർ എം.ആർ. മണി സ്വാഗതവും ശാഖാ സെക്രട്ടറി എം. മുരളി നന്ദിയും പറയും. കഴിഞ്ഞ 24 വർഷമായി തീർത്ഥാടനത്തിനു മുന്നോടിയായി കാപ്പിൽ ശാഖയിൽ തീർത്ഥാടനവിളക്ക് കൊളുത്തി വരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ സമാപനം വരെ ഗുരുഭക്തരുടെ പ്രാർത്ഥനയായി തീർത്ഥാടന വിളക്ക് തെളിയും. കാപ്പിൽ ശാഖയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ചാണ് തീർത്ഥാടനവിളക്ക് എന്ന ആശയം രൂപപ്പെട്ടത്.