ആറ്റിങ്ങൽ: തോന്നയ്ക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വായനാവസന്തം ശ്രദ്ധേയമാകുന്നു. സ്വന്തമായി ലൈബ്രറിയുള്ള കേരളത്തിലെ അപൂർവം സ്‌കൂളുകളിൽ ഒന്നാണിത്. സ്‌കൂളിന്റെ സ്ഥാപക പ്രവർത്തകരിൽ ഏറ്റവും പ്രധാനിയായ എം.കെ.വിദ്യാധരന്റെ സ്മരണയിൽ അദ്ദേഹത്തിന്റെ ബന്ധുക്കൾ നിർമ്മിച്ചു നൽകിയ ലൈബ്രറി മന്ദിരവും ലൈബ്രറിയനും സ്‌കൂളിന്റെ എടുത്ത് പറയേണ്ട സവിശേഷതകളിൽ ഒന്നാണ്.
സ്‌കൂൾ സമയത്ത് പൊതു ലൈബ്രറി പോലെ കുട്ടികൾക്ക് ഇത് ഉപയോഗിക്കാം. ഇവിടെ പതിനായിരത്തോളം പുസ്തകങ്ങളും റഫറൻസ് ഗ്രന്ഥങ്ങളും ഉണ്ട്. പുസ്തക സമാഹരണ പദ്ധതിയുമായി ബന്ധപ്പെട്ട് ക്ലാസ് ലൈബ്രറി തയ്യാറാക്കുന്നതിനായി രണ്ടായിരത്തോളം പുസ്തകങ്ങൾ കുട്ടികളിൽ നിന്ന് സമാഹരിക്കാനായതും സവിശേഷതയാണ്. വായിക്കുന്ന ഓരോ പുസ്തകത്തിന്റെയും ആസ്വാദനക്കുറിപ്പും കുട്ടികൾ എഴുതി ക്ലാസ് ലൈബ്രറിയിൽ സൂക്ഷിക്കുകയാണ്. പൊതു ലൈബ്രറിയിലേക്ക് 'സ്മൃതി 85' പോലുള്ള പൂർവ വിദ്യാർത്ഥി കൂട്ടായ്മകളും വ്യക്തികളും പുസ്തകങ്ങൾ സംഭാവന ചെയ്യുന്നുണ്ട്. സാഹിത്യ, കലാരംഗങ്ങളിൽ പ്രവർത്തിക്കുന്നവരെ വീട്ടിലെത്തി ആദരിക്കുന്ന പരിപാടിയുടെ ഭാഗമായി ഇന്ന് കവി പകൽക്കുറി വിശ്വനെ വീട്ടിലെത്തി ആദരിക്കുമെന്ന് ഹെഡ്മിസ്ട്രസ് എ.റസിയാബീവി അറിയിച്ചു.