തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചിക്കുന്ന ' വിദ്യാലയം പ്രതിഭകളിലേക്ക് ' എന്ന പരിപാടിക്ക് ഇന്ന് തുടക്കമാകും. വിദ്യാർത്ഥികളുടെ ചെറുസംഘം അദ്ധ്യാപകരോടൊപ്പം സ്‌കൂളിന്റെ പരിസര പ്രദേശങ്ങളിൽ താമസിക്കുന്ന ശാസ്ത്ര, കലാ, കായിക, സാഹിത്യരംഗത്തെ പ്രതിഭകളെ സന്ദർശിച്ച് ആദരമർപ്പിക്കുന്ന പദ്ധതിയാണിത്. ഇന്ന് രാവിലെ 8ന് പേരൂർക്കട ഗവ.ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി സി. രവീന്ദ്രനാഥ് എന്നിവരോടൊപ്പം ചരിത്രപണ്ഡിതനായ ഡോ.കെ.എൻ. പണിക്കരെ അദ്ദേഹത്തിന്റെ വീട്ടിലെത്തി സന്ദർശിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു എന്നിവരും പരിപാടിയിൽ പങ്കെടുക്കും. ഉച്ചയ്ക്ക് 12.30ന് മന്ത്രി സി. രവീന്ദ്രനാഥിനൊപ്പം പട്ടം ഗവ.ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ കവയിത്രി സുഗതകുമാരിയുടെ വീട്ടിലെത്തി ആദരമർപ്പിക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ മെഡിക്കൽ കോളേജ് ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾക്കൊപ്പം നടൻ മധുവിനെയും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബുവിനൊപ്പം കട്ടേല ഹയർസെക്കൻഡറി സ്‌കൂളിലെ കുട്ടികൾ സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെയും വസതികളിലെത്തി ആദരമർപ്പിക്കും.