വെള്ളറട: പെരുങ്കടവിള ബ്ളോക്ക് പഞ്ചായത്തിൽ നടപ്പിലാക്കുന്ന കേന്ദ്ര പദ്ധതികൾ വിലയിരുത്താൻ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പദ്ധതി പ്രദേശങ്ങൾ സന്ദർശിച്ചു. ഇവാല്യൂവേഷൻ ആൻഡ് മോണിറ്ററിംഗ് വിഭാഗത്തിലെ ഉദ്യോഗസ്ഥരായ കൽപ്പനാ ശാസ്ത്രി, എ.കെ. ബിൻകർ, പ്രൊഫ. സുബ്രീഷ്യൂ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ബ്ളോക്കിലെ കള്ളിക്കാട് ഗ്രാമപഞ്ചായത്തിൽ നടപ്പിലാക്കുന്ന പദ്ധതികളെ സംബന്ധിച്ച് പരിശോധന നടത്താനെത്തിയത്. മഹാത്മാഗാന്ധി നാഷണൽ റൂറൽ എംപ്ളോയിമെന്റ് ഗ്യാരറ്റി സ്കീം, ഇന്ദിര ആവാസ് യോജന, പ്രധാനമന്ത്രി സഡക്ക് യോജന എന്നീ പദ്ധതികൾ വഴി നടപ്പിലാക്കുന്ന റോഡുകൾ, വീടുകൾ, പാലങ്ങൾ, ഉത്പാദന യൂണിറ്റുകൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളാണ് സന്ദർശിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, അംഗങ്ങൾ എന്നിവരുമായി ചർച്ച നടത്തി. പെരുങ്കടവിള ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസർ കെ. സുരേഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിതകുമാരി, വൈസ് പ്രസിഡന്റ് ശ്യാംലാൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ പ്രവർത്തകർ തുടങ്ങിയവർ സംഘത്തെ അനുഗമിച്ചു.