tree

കിളിമാനൂർ: അടയമൺ കയറ്റം ഇനി കഠിനമല്ലയ്യപ്പാ. സംസ്ഥാന പാതയിൽ നിന്ന് മലയോര ഗ്രാമങ്ങളിലേക്കും അവിടന്ന് കടയ്ക്കൽ കുളത്തൂപ്പുഴ - തെങ്കാശി നാഷണൽ ഹൈവേയിലേക്ക് ബന്ധിപ്പിക്കുന്നതുമായ കുറവൻകുഴി - തൊളിക്കുഴി റോഡിലെ അടയമൺ കയറ്റത്തിന്റെ കഠിന അവസ്ഥയ്ക്ക് ആശ്വാസമാകുന്നു. കുറവൻകുഴി മുതൽ - അടയമൺ കയറ്റത്തിന്റെ അടിവശം വരെ ബി.എം ആൻഡ് ബി.സി നിലവാരത്തിൽ 3.2 കോടി രൂപക്ക് റോഡ് ആധുനിവത്കരിച്ചങ്കിലും തുടർന്ന് അങ്ങോട്ടുള്ള ഒരു കിലോമീറ്റർ റോഡും കയറ്റവും ശോചനീയവസ്ഥയിലായിരുന്നു. അര നൂറ്റാണ്ട് മുൻപ് വരെ അടയമൺ വരെ മാത്രമേ വാഹനങ്ങൾ വരുകയുള്ളായിരുന്നു. തുടർന്ന് കൊടും കയറ്റമായ അടയമൺ കയറ്റത്തിൽ റോഡ് നിർമ്മിക്കുകയായിരുന്നു.

നിരവധി തവണ റോഡ് വികസനം ഒക്കെ വന്നിട്ടും അടയമൺ കയറ്റം കഠിനമായി തന്നെ നിലകൊണ്ടു. റോഡിന്റെ വശങ്ങളിലെ കുന്നുകൾ ഇടിഞ്ഞു വീണും, റോഡിലേക്ക് എപ്പോൾ വേണമെങ്കിലും നിലം പതിക്കാവുന്ന തരത്തിൽ നിൽക്കുന്ന വൃക്ഷങ്ങളുമായി അപകടവസ്ഥയിലായിരുന്നു കയറ്റത്തിന്റെ അവസ്ഥ. ഇത് ചൂണ്ടി കാട്ടി കേരളകൗമുദി " അടയമൺ കയറ്റം കഠിനം തന്നയ്യപ്പാ " എന്ന് വാർത്ത നൽകിയിരുന്നു. തുടർന്ന് എം.എൽ.എ ഫണ്ടിൽ നിന്ന് ആറ് കോടി രൂപ അനുവദിക്കുകയുമായിരുന്നു. അടയമണിൽ നിന്ന് മൂന്നു കല്ലും മൂട് വരെ 3 കോടി രൂപയും, ആനന്ദൻ മുക്കിൽ നിന്ന് മൊട്ടക്കുഴി വരെ 3 കോടി രൂപ അനുവദിക്കുകയും പണി ആരംഭിക്കുകയും ചെയ്തു.