തിരുവനന്തപുരം: ചന്ദ്രയാൻ വിക്ഷേപണത്തിന്റെ വിവിധ ഘട്ടങ്ങൾ ഉൾപ്പെട്ട ഗെയിമുകൾ തയ്യാറാക്കുന്ന പ്രവർത്തനങ്ങളുമായി ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‌സ് ഉപജില്ലാ ക്യാമ്പുകൾക്ക് നാളെ തുടക്കമാകും. ചന്ദ്രയാൻ വിക്ഷേപണത്തിന്റെ ഘട്ടങ്ങൾ, ക്രമാനുഗതമായ ഭ്രമണപഥം ഉയർത്തൽ, സോഫ്റ്റ് ലാൻഡിംഗ് എന്നിവ ഉൾപ്പെട്ട കമ്പ്യൂട്ടർ ഗെയിം വിഷ്വൽ പ്രോഗ്രാമിംഗ് സോഫ്റ്റ്‌വെയറായ സ്‌ക്രാച്ച് ഉപയോഗിച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ കുട്ടികൾ തയ്യാറാക്കും. അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ലഘുകഥകളെ അടിസ്ഥാനമാക്കിയുള്ള അനിമേഷനുകൾ റ്റുപിട്യൂബ്‌ഡെസ്‌ക് എന്ന സോഫ്റ്റ്‌വെയറിൽ തയ്യാറാക്കും. പൂർണമായും സ്വതന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗപ്പെടുത്തിയാണ് ക്യാമ്പിലെ മൊഡ്യൂൾ പരിശീലിപ്പിക്കുന്നത്.
സ്‌കൂൾ തല ക്യാമ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 14000 കുട്ടികളാണ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുന്നത്.163 ഉപജില്ലകളിലായി 350 ദ്വിദിന ക്യാമ്പുകളാണ് ക്രമീകരിച്ചിട്ടുള്ളത്. ലിറ്റിൽ കൈറ്റ്‌സ് റവന്യൂ ജില്ലാ ക്യാമ്പിലേക്കുള്ള തിരഞ്ഞെടുപ്പും ഉപജില്ലാ ക്യാമ്പിലെ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കും. പരിശീലനത്തിന് സംസ്ഥാനത്ത് 350 പരിശീലന കേന്ദ്രങ്ങളും 1400 പരിശീലകരെയും സജ്ജമാക്കിയതായതായി കൈറ്റ് ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ കെ. അൻവർ സാദത്ത് അറിയിച്ചു.